വരും വർഷങ്ങളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും പങ്കെടുത്ത ജോയിന്റ് കമ്മിഷൻ മീറ്റിംഗ് ന്യൂഡൽഹിയിൽ വെച്ച് നടന്നു. 2022 മെയ് 11, ബുധനാഴ്ച്ചയാണ് പത്താമത് ഒമാൻ – ഇന്ത്യ ജോയിന്റ് കമ്മിഷൻ മീറ്റിംഗ് നടന്നത്.
ഒമാൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി H.E. ശ്രീ. പീയുഷ് ഗോയൽ എന്നിവർ ഈ മീറ്റിംഗിൽ പങ്കെടുത്തു. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള സാമ്പത്തിക, വാണിജ്യ, വ്യാപാര, നിക്ഷേപ, സേവന ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരത്തിന്റെ തോത് ഉയർത്താനും ഈ യോഗത്തിൽ ധാരണയായിട്ടുണ്ട്. വരും വർഷങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിലുമുള്ള വ്യാപാരം അഞ്ച് ബില്യൺ ഡോളറിൽ കൂടുതൽ മൂല്യത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വാണിജ്യ മേഖലകളിൽ നിക്ഷേപം നടത്തുന്നതിന് മികച്ച ഒരു ഇടമായാണ് ഒമാനെ ഇന്ത്യ കാണുന്നതെന്ന് ശ്രീ. പീയുഷ് ഗോയൽ ചൂണ്ടിക്കാട്ടി.
Cover Image: Oman News Agency.