യു എ ഇ പ്രസിഡന്റും, അബുദാബി ഭരണാധികാരിയുമായ H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. 2022 മെയ് 13, വെള്ളിയാഴ്ച ഉച്ചയ്ക്കാണ് യു എ ഇ മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്സ് ഇക്കാര്യം അറിയിച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തിൽ മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്സ് യു എ ഇയിലെ ജനങ്ങളോടും, അറബ്, ഇസ്ലാമിക് ജനതയോടും, ലോകജനതയോടും അനുശോചനം രേഖപ്പെടുത്തുന്നു.”, എമിറേറ്റ്സ് ന്യൂസ് ഏജൻസി പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.
H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്ന് 2022 മെയ് 13, വെള്ളിയാഴ്ച മുതൽ നാല്പത് ദിവസത്തെ ഒദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നതായി മിനിസ്ട്രി ഓഫ് പ്രെസിഡെൻഷ്യൽ അഫയേഴ്സ് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 2022 മെയ് 14 മുതൽ 3 ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 17, ചൊവ്വാഴ്ച മുതൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതാണ്.
2004 നവംബർ 3-നാണ് അദ്ദേഹം യു എ ഇ പ്രസിഡന്റായും, അബുദാബി ഭരണാധികാരിയായും ചുമതലയേറ്റത്. H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു എ ഇയുടെ രണ്ടാമത്തെ പ്രസിഡന്റാണ്. അബുദാബി എമിറേറ്റിന്റെ പതിനാറാമത് ഭരണാധികാരിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പിതാവും, യു എ ഇയുടെ ആദ്യ പ്രസിഡന്റുമായ H.H. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിര്യാണത്തെ തുടർന്നാണ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് പ്രസിഡന്റായി ചുമതലയേറ്റത്.
With inputs from WAM. Cover Image: WAM.