രാജ്യത്ത് ഇ-പേയ്മെന്റ് സേവനം നൽകാത്ത വാണിജ്യ സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമാക്കിയിട്ടുള്ള വാണിജ്യ മേഖലകളിൽ ഈ സേവനം നൽകാത്ത സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാനാണ് മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഉപഭോക്താക്കൾക്ക് ഇ-പേയ്മെന്റ് സംവിധാനം ഉപയോഗിച്ചുള്ള പണമിടപാട് സേവനങ്ങൾ നിർബന്ധമായും ലഭ്യമാക്കുന്നതിനുള്ള ഒരു തീരുമാനം ഔദ്യോഗികമായി കൈക്കൊണ്ടതായി 2022 ഏപ്രിൽ 17-ന് ഒമാൻ വാണിജ്യ മന്ത്രാലയം അറിയിച്ചിരുന്നു.
ഭക്ഷണ സാധനങ്ങൾ വിൽക്കുന്ന വാണിജ്യ സ്ഥാപനങ്ങൾ, റെസ്റ്ററന്റുകൾ, കഫെ, പഴം, പച്ചക്കറി വില്പനശാലകൾ, സ്വർണ്ണം, വെള്ളി എന്നിവയുടെ വ്യാപാരശാലകൾ, ഇലക്ട്രോണിക്സ് സാധനങ്ങളുടെ വ്യാപാരശാലകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ, പുകയില വ്യാപാരശാലകൾ, ഷോപ്പിംഗ് മാളുകൾ, ഇൻഡസ്ട്രിയൽ മേഖലകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.
ഇത്തരം മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ നിർബന്ധമായും ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. എന്നാൽ ഉപഭോക്താക്കൾക്ക് കറൻസി നോട്ടുകൾ ഉപയോഗിച്ച് കൊണ്ടുള്ള പണമിടപാടുകൾ നടത്തുന്നതിന് തുടർന്നും അനുമതി ഉണ്ടായിരിക്കുന്നതാണ്.
ഇത് സംബന്ധിച്ച് വീഴ്ച്ച വരുത്തുന്ന സ്ഥാപനങ്ങളെക്കുറിച്ച് 80000070 എന്ന നമ്പറിൽ അധികൃതരുമായി റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.