യു എ ഇ: പ്രവാസികളുടെ റസിഡൻസ് വിസ സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുള്ള തീരുമാനം നടപ്പിലാക്കി

UAE

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് വിസ സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനുമുള്ള തീരുമാനം പ്രാബല്യത്തിൽ വന്നു.

പ്രവാസികളുടെ പാസ്സ്പോർട്ടിൽ പതിക്കുന്ന റസിഡൻസ് വിസ സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ യു എ ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി തീരുമാനിച്ചതായി 2022 ഏപ്രിൽ 5-ന് വൈകീട്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഈ തീരുമാനം 2022 ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

ദുബായ് ഒഴികെയുള്ള എമിറേറ്റുകളിൽ ഈ തീരുമാനം 2022 മെയ് 16 മുതൽ നടപ്പിലാക്കിയതായാണ് ഇപ്പോൾ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് തങ്ങളുടെ എമിറേറ്റ്‌സ് ഐഡി കാർഡ് റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള ബദലായി ഉപയോഗിക്കാവുന്നതാണ്.

റസിഡൻസ്, ഐഡന്റിറ്റി കാർഡ് അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി, നേരത്തെ ഉണ്ടായിരുന്ന വ്യത്യസ്ത അപേക്ഷകൾക്ക് പകരമായി ഒരു അപേക്ഷയിൽ തന്നെ എമിറേറ്റ്സ് ഐഡി കാർഡ് അനുവദിക്കുന്നതും, താമസ, തിരിച്ചറിയൽ വിസ സേവനങ്ങൾ നൽകുന്നതും പുതുക്കുന്നതും ഉൾപ്പടെയുള്ള നടപടികൾ സംയോജിപ്പിക്കുന്നതാണ്. എന്നാൽ ദുബായിൽ ഈ നടപടികൾക്കായി രണ്ട് അപേക്ഷകൾ നൽകുന്ന രീതി തുടരുന്നതാണ്.

യു എ ഇയിൽ താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന പുതിയ തലമുറയിൽപ്പെട്ട എമിറേറ്റ്‌സ് ഐഡി കാർഡിൽ റസിഡൻസ് സ്റ്റിക്കറിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്ന എല്ലാ വിവരങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

Cover Image: WAM.