അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിൽ 11 ദശലക്ഷം ദിർഹം മൂല്യമുള്ള അപൂർവ പുസ്തകം പ്രദർശിപ്പിച്ചു

featured GCC News

അബുദാബി അന്താരാഷ്ട്ര പുസ്തകമേളയിലെത്തുന്ന സന്ദർശകർക്ക് പ്രാചീന കാലഘട്ടത്തിലെ അപൂർവമായ ഗ്രന്ഥങ്ങളുടെയും, കൈയെഴുത്തുപ്രതികളുടെയും ഒരു ശേഖരം നേരിട്ട് കാണുന്നതിനുള്ള അവസരം ലഭിക്കുന്നതാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Source: WAM

അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഭാഗമായി ഫ്രഞ്ച് ലൈബ്രറി ക്ലാവ്‌റൂയിലാണ് പഴയതും അപൂർവവുമായ പുസ്തകങ്ങളുടെ ഒരു പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തങ്ങൾ മേളയിൽ പങ്കെടുക്കുന്നതെന്ന് ലൈബ്രറിയിൽ നിന്നുള്ള ക്രിസ്‌റ്റോഫ് ഓവർമാൻ എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ഈ വർഷത്തെ പ്രദർശനത്തിൽ 1550-ൽ നിന്നുള്ള ഏതാണ്ട് 11 ദശലക്ഷം ദിർഹം വിലമതിക്കുന്ന അപൂർവ പക്ഷികളുടെ ചിത്രങ്ങളടങ്ങിയ ഒരു പുസ്തകം ലൈബ്രറി ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായും പുസ്തക ശേഖരണക്കാരുമായും കൂടിക്കാഴ്ച നടത്താനുള്ള വിലപ്പെട്ട അവസരമാണ് മേളയെന്ന് ഡാനിയൽ ക്രൗച്ച് റെയർ ബുക്സിൽ നിന്നുള്ള ഡാനിയൽ ക്രൗച്ച് പറഞ്ഞു. ഇത് മൂന്നാം തവണയാണ് ഡാനിയൽ ക്രൗച്ച് റെയർ ബുക്സ് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

1688-ൽ വിൻസെൻസോ കൊറോനെല്ലി സൃഷ്ടിച്ച 9.5 മില്യൺ ദിർഹം വിലമതിക്കുന്ന ഒരു ഗ്ലോബ്, വിക്ടോറിയ രാജ്ഞിയുടെ റോയൽ യാച്ച് വിക്ടോറിയയിൽ നിന്നുള്ള അഞ്ച് ലക്ഷം ദിർഹം വിലമതിക്കുന്ന ചാർട്ട് കെയ്‌സ്, ആൽബർട്ട് II എന്ന റോയൽ യാച്ചിൽ നിന്നുള്ള 1888-ലെ അബുദാബി തുറമുഖത്തിന്റെ ഫോട്ടോകൾ ഉൾപ്പെടെയുള്ള ചാർട്ടുകൾ തുടങ്ങി ഏതാണ്ട് 53 അമൂല്യ വസ്തുക്കളാണ് ഡാനിയൽ ക്രൗച്ച് റെയർ ബുക്സ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ ബിൽ ഗേറ്റ്സിന്റെ ഉടമസ്ഥതയിലുള്ളതും 500 മില്യൺ യുഎസ് ഡോളർ വിലമതിക്കുന്നതുമായ ലിയോനാർഡോ ഡിവിഞ്ചി ഒപ്പിട്ട ഒരു അപൂർവ പുസ്തകമാണ് തന്റെ കമ്പനി പ്രദർശിപ്പിക്കുന്നതെന്ന് പോളണ്ടിലെ ഡോം എമിസിജ്നി മാനുസ്ക്രിപ്റ്റത്തിൽ നിന്നുള്ള ആർതർ സോബോലെവ്സ്കി പറഞ്ഞു. ഈ വർഷത്തെ മേളയിൽ അദ്ദേഹത്തിന്റെ കമ്പനി, അപൂർവ കൈയെഴുത്തുപ്രതികളുടെ 200 കോപ്പികൾ തയ്യാറാക്കിയിട്ടുണ്ടെന്നും, ഓരോന്നിനും 45,000 ദിർഹം വിലമതിക്കുന്നതായും, അദ്ദേഹം കൂട്ടിച്ചേർത്തു.

1508 മുതൽ 1931 വരെയുള്ള അപൂർവ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയിൽ രണ്ടാം തവണയാണ് തങ്ങൾ പങ്കെടുക്കുന്നതെന്ന് ഷാർജയിലെ ലെ പ്രിൻസ് ആർട്ട് കൺസൾട്ടൻസിയിൽ നിന്നുള്ള ഒലിവിയർ പിംഗൽ പറഞ്ഞു.

മുപ്പത്തൊന്നാമത് അബുദാബി ഇന്റർനാഷണൽ ബുക്ക് ഫെയർ യു എ ഇ ഡെപ്യൂട്ടി പ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ H.H. ഷെയ്ഖ് സൈഫ് ബിൻ സായിദ്‌ അൽ നഹ്യാൻ 2022 മെയ് 23-ന് ഉദ്‌ഘാടനം ചെയ്തിരുന്നു. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ച് സംഘടിപ്പിക്കുന്ന ഈ പുസ്തകമേള 2022 മെയ് 23 മുതൽ മെയ് 29 വരെ നീണ്ട് നിൽക്കും.

WAM