ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖത്തീബ് അറിയിച്ചു. സിഎൻബിസി അറേബ്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഈ പുതിയ വിസ ഉപയോഗിച്ച് കൊണ്ട് ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാവുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടില്ല.
സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരത്തിനായി വരാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി 2019-ൽ ആരംഭിച്ച ടൂറിസ്റ്റ് വിസ പദ്ധതി നിലവിൽ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. ടൂറിസത്തിനായി സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് അഞ്ച് ദശലക്ഷം സന്ദർശകർ 2021-ൽ സൗദി അറേബ്യ സന്ദർശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ ഏതാണ്ട് നാല്പത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2030-ഓടെ സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ പത്ത് ശതമാനം ടൂറിസം മേഖലയിൽ നിന്ന് നേടുന്നതിനായാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Ahmed Al-Khateeb Minister of Tourism, Saudi Arabia. File Photo. [Source: Official Twitter account of minister.]