സൗദി: ഹജ്ജ് തീർത്ഥാടകർ COVID-19 വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രാലയം

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിൻ സംബന്ധിച്ച നിബന്ധനകൾ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ 2022 ജൂൺ 13-ലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹജ്ജ് മന്ത്രാലയം തീർത്ഥാടനം സംബന്ധിച്ച വ്യക്തത നൽകിയത്. ഹജ്ജ് തീർത്ഥാടകർ സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന വ്യവസ്ഥ തുടരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മുൻകരുതൽ നടപടികളും ഒഴിവാക്കാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്ന നിബന്ധന, ഏതാനം ഇടങ്ങളിൽ മാത്രം നിലനിർത്തിക്കൊണ്ട്, പിൻവലിച്ചിട്ടുണ്ട്. എന്നാൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഇൻഡോറിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.