ഒമാൻ: കനത്ത മഴ; മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു

GCC News

അതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA) അറിയിച്ചു. 2022 ജൂലൈ 10, ഞായറാഴ്ച രാത്രിയാണ് CDAA ഇക്കാര്യം അറിയിച്ചത്.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിരവധി പേരെ കാണാതാവുകയും, ഏതാനം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടി. ഒമാനിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം എന്നിവ തുടരുകയാണ്.

ദോഫാർ ഗവർണറേറ്റിൽ ഉൾപ്പടെ ടൂറിസ്റ്റ് മേഖലകളിൽ കഴിഞ്ഞ ദിവസം നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, കാലാവസ്ഥ അനുകൂലമാകുന്നത് വരെ, ടൂറിസ്റ്റ് മേഖലകൾ അടച്ചിടാൻ തീരുമാനിച്ചതായും, ഇത്തരം ഇടങ്ങളിലേക്ക് ആർക്കും പ്രവേശനം അനുവദിക്കില്ലെന്നും CDAA വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങളോട് CDAA ആവശ്യപ്പെട്ടിട്ടുണ്ട്.

Images: cdaa.gov.om.