യു എ ഇ: ഓൺലൈൻ സംവിധാനങ്ങളിലൂടെ മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികൾ സംബന്ധിച്ച അറിയിപ്പ്

GCC News

ഓൺലൈൻ സംവിധാനങ്ങളിലൂടെ വ്യക്തികളെ അപകീർത്തിപ്പെടുത്തുന്നവർക്കും, നിന്ദിക്കുന്നവർക്കും കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 2022 ജൂലൈ 20-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത് രാജ്യത്ത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് വ്യക്തമാക്കിയ യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് തടവ് ശിക്ഷ ലഭിക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനുമുള്ള 34/ 2021 ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 43 പ്രകാരമാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തടവും, പിഴയും ശിക്ഷയായി വിധിക്കുന്നത്.

ഈ നിയമ പ്രകാരം, ഓൺലൈൻ സംവിധാനങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, വിവരസാങ്കേതിക ശൃംഖലകൾ, മറ്റു ഐ ടി സംവിധാനങ്ങൾ എന്നിവയിലൂടെ മറ്റുള്ളവർക്കെതിരെ നിന്ദാവചനങ്ങൾ പ്രയോഗിക്കുന്നവർക്കും, വ്യക്തികൾക്ക് സമൂഹത്തിൽ അപമാനം, അധിക്ഷേപം എന്നിവ നേരിടേണ്ടി വരാവുന്ന രീതിയിലുള്ള അപകീർത്തികരമായ കാര്യങ്ങൾ പറയുന്നവർക്കും തടവും, രണ്ടര ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്.

ഇത്തരം അപകീർത്തികരമായ പ്രവർത്തനങ്ങൾ ഒരു സർക്കാർ ഉദ്യോഗസ്ഥനെതിരെയോ, സർക്കാർ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തിക്കെതിരെയോ ആണെങ്കിൽ കൂടുതൽ കനത്ത ശിക്ഷ ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.