കുവൈറ്റ്: വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

വ്യാജ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് രാഷ്ട്രീയപരമായ അസ്ഥിരത ഉണ്ടാകുന്നതിന് ഇടയാക്കുന്ന തെറ്റിദ്ധാരണാജനകമായ വാർത്തകൾ ഉൾപ്പടെ തെറ്റായതും, വ്യാജമായതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമസ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾക്കെതിരെ കുവൈറ്റിലെ നിയമങ്ങൾ അനുശാസിക്കുന്ന കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്നും, ഇതിൽ വിട്ടുവീഴ്ച്ചകൾ ഉണ്ടാകില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

കുവൈറ്റ് മിനിസ്ട്രി ഓഫ് ഇൻഫർമേഷൻ ഔദ്യോഗിക വക്താവ് അൻവർ മുറാദിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി അവയുടെ നിജസ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്താൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.