സൗദി അറേബ്യ: മെയ് 25 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2023 മെയ് 21, ഞായറാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 മെയ് 19-ന് രാത്രിയാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെയ് 21 മുതൽ മെയ് 25, വ്യാഴാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ മക്ക മേഖലയിൽ ശക്തമായ മഴയ്ക്കും, വെള്ളത്തിന്റെ കുത്തൊഴുക്കിനും സാധ്യതയുണ്ട്.

മക്ക മേഖലയിൽ ഈ കാലയളവിൽ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് ഇടയാക്കാമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസീർ, അൽ ബാഹ, ജസാൻ, നജ്‌റാൻ മുതലായ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥാ സാഹചര്യങ്ങൾ അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഖാസിം മുതലായ മേഖലകളിൽ ഈ കാലയളവിൽ സാമാന്യം ഭേദപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ്, മദീന, ഹൈൽ മുതലായ പ്രദേശങ്ങളിലും മഴ ലഭിക്കാനിടയുണ്ട്.

മഴ അനുഭവപ്പെടുന്ന കാലയളവിൽ വെള്ളം പൊങ്ങുന്നതിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് വിട്ട് നിൽക്കാനും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Cover Image: Saudi Press Agency.