സൗദി: ലൈസൻസ് ഇല്ലാതെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

featured GCC News

രാജ്യത്ത് അംഗീകൃത ലൈസൻസ് കൂടാതെ ആരോഗ്യപരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. സൗദിയിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ലൈസൻസ് ഇല്ലാത്ത വ്യക്തികൾക്ക് ഒരു തരത്തിലുള്ള ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നതിനും അനുമതിയുണ്ടായിരിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിക്കുന്നവരായി ആൾമാറാട്ടം നടത്തുന്നവർക്കും (രാജ്യത്തെ ആരോഗ്യ പരിചരണ മേഖലയിലെ വിവിധ പദവികൾ ദുരുപയോഗം ചെയ്യുക, ഇത്തരം പദവിയിലിരിക്കുന്നവരായി നടിക്കുക എന്നിവ ഉൾപ്പടെ) പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാ നടപടികളും പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.

സൗദി ആരോഗ്യ പരിചരണ നിയമങ്ങളിലെ ആർട്ടിക്കിൾ 28/4 പ്രകാരം, രാജ്യത്തെ അംഗീകൃത ആരോഗ്യ പരിചരണ പ്രവർത്തകർക്ക് നൽകുന്ന പദവികൾ ദുരുപയോഗം ചെയ്യുന്നവർക്കും, ലൈസൻസ് കൂടാതെ ഇത്തരം സേവനങ്ങൾ നൽകുന്നവർക്കും ആറ് മാസം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.