യു എ ഇ: 2022 സെപ്റ്റംബർ 28 മുതൽ COVID-19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; മാസ്കുകൾ നിർബന്ധമല്ല

featured GCC News

2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 സെപ്റ്റംബർ 26-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA ഔദ്യോഗിക വക്താവ് ഡോ. സൈഫ് അൽ ദാഹേരി ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ഭാഗമായി താഴെ പറയുന്ന ഇളവുകളും, മാറ്റങ്ങളുമാണ് സെപ്റ്റംബർ 28 മുതൽ പ്രഖ്യാപിച്ചിരിക്കുന്നത്:

  • രാജ്യത്തെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. മെഡിക്കൽ സേവനകേന്ദ്രങ്ങൾ, പള്ളികൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിലും, ഫുഡ് ഡെലിവറി സേവനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും മാസ്കുകൾ നിർബന്ധമാണ്. മറ്റിടങ്ങളിൽ വ്യക്തികൾക്ക് താത്പര്യമുണ്ടെങ്കിൽ മാത്രം മാസ്ക് ധരിക്കാവുന്നതാണ്. വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, പ്രായമായവർ എന്നീ വിഭാഗങ്ങൾ സുരക്ഷ മുൻനിർത്തി മാസ്കുകൾ ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന് NCEMA വ്യക്തമാക്കിയിട്ടുണ്ട്.
  • ദിനംപ്രതിയുള്ള COVID-19 രോഗബാധ സംബന്ധിച്ച പ്രഖ്യാപനം നിർത്തലാക്കും.
  • ഗ്രീൻ പാസ് സംവിധാനത്തിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി വാക്സിനെടുത്തവരും, ഇതിൽ ഇളവുകളുള്ളവരും മാസത്തിൽ ഒരുതവണ PCR ടെസ്റ്റ് നടത്തേണ്ടതാണ്. വാക്സിനെടുക്കാത്തവർ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതിനായി ഓരോ ഏഴ് ദിവസം തോറും PCR ടെസ്റ്റ് നടത്തേണ്ടതാണ്. ഫെഡറൽ ഗവണ്മെന്റ് സ്ഥാപനങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും. ടൂറിസം മേഖലയിലെയും, വാണിജ്യ മേഖലയിലെയും ജീവനക്കാർക്കും ഗ്രീൻ പാസ് ഏർപ്പെടുത്തുമെന്ന് NCEMA അറിയിച്ചിട്ടുണ്ട്.
  • പള്ളികളിലും, ആരാധനാലയങ്ങളിലും ഏർപ്പെടുത്തിയിരുന്ന മുൻകരുതൽ നടപടികളിൽ ഇളവ് അനുവദിക്കുന്നതാണ്. ഇത്തരം ഇടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം സംബന്ധിച്ച നിബന്ധനകൾ ഒഴിവാക്കും. എന്നാൽ ഇത്തരം ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • ടൂറിസം മേഖലയിലെ ഹോട്ടലുകൾ, പാർക്കുകൾ, വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കും, വാണിജ്യ മേഖലയിലെ ഷോപ്പിംഗ് മാളുകൾ, വ്യാപാരശാലകൾ എന്നിവിടങ്ങളിലേക്കും, വിവിധ പരിപാടികൾ നടക്കുന്ന വേദികളിലേക്കും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിബന്ധനകൾ പാലിക്കേണ്ടതാണ്.
  • വ്യോമയാനമേഖലയിൽ മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച് വിമാനകമ്പനികൾക്ക് തീരുമാനം കൈക്കൊള്ളാവുന്നതാണ്. രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കുള്ള നിലവിലെ നിബന്ധനകൾ തുടരുന്നതാണ്.
  • വിദ്യാഭ്യാസ മേഖലയിൽ ഇൻഡോർ, ഔട്ഡോർ ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല.
  • COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവർക്കുള്ള ഐസൊലേഷൻ കാലാവധി (ഹോം, ഇൻസ്റ്റിട്യൂഷണൽ) അഞ്ച് ദിവസമാക്കി ചുരുക്കും.
  • രോഗബാധിതരുമായി സമ്പർക്കത്തിനിടയാകുന്നവർ രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന സാഹചര്യത്തിൽ PCR ടെസ്റ്റ് നടത്തേണ്ടതും, ഏഴ് ദിവസത്തേക്ക് ആരോഗ്യസ്ഥിതി നിരീക്ഷിക്കേണ്ടതുമാണ്.

With inputs from WAM.

Leave a Reply

Your email address will not be published. Required fields are marked *