തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ അറിയിച്ചു. ഈ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നൽകിയിട്ടുള്ള യാത്രാ നിബന്ധനകളിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.
“യു എ ഇയിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. എമിറേറ്റ്സ് വിമാനങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. എന്നാൽ ദുബായിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും, ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്കും അവർ യാത്ര പൂർത്തിയാക്കുന്ന രാജ്യത്തെ മാസ്ക് ഉപയോഗം സംബന്ധിച്ച നിയമം യാത്രയിലുടനീളം ബാധകമാണ്.”, എമിറേറ്റ്സ് തങ്ങളുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കി. https://www.emirates.com/in/english/help/covid-19/safety/ എന്ന വിലാസത്തിലാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
“2022 സെപ്റ്റംബർ 28 മുതൽ ദുബായിലേക്ക് സഞ്ചരിക്കുന്നവർക്ക് വിമാനത്തിനുള്ളിൽ മാസ്കുകൾ നിർബന്ധമല്ല. എയർപോർട്ടിലും മാസ്കുകൾ നിർബന്ധമല്ല.”, https://www.flydubai.com/en/plan/covid-19/travel-safety-during-covid-19 എന്ന വിലാസത്തിൽ നൽകിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങളിലൂടെ ഫ്ലൈദുബായ് വ്യക്തമാക്കി.
2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും, രാജ്യത്തെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം ഒഴിവാക്കാനുമുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനികൾ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.