ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാസ്കുകൾ നിർബന്ധമല്ലെന്ന് ദുബായ് എയർപോർട്സ്

GCC News

2022 സെപ്റ്റംബർ 28 മുതൽ ദുബായിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന യാത്രികർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ദുബായ് എയർപോർട്സ് വ്യക്തമാക്കി. 2022 സെപ്റ്റംബർ 28-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നിവിടങ്ങളിൽ 2022 സെപ്റ്റംബർ 28 മുതൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കുന്ന നിയമം ഒഴിവാക്കിയിട്ടുണ്ട്. എമിറേറ്റിലെ COVID-19 കണ്ട്രോൾ സെൻറർ, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എന്നിവരുടെ നിർദ്ദേശം അനുസരിച്ചാണ് ഈ തീരുമാനം.

എന്നാൽ ദുബായിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കും, ദുബായിലൂടെ ട്രാൻസിറ്റ് യാത്രികരായി സഞ്ചരിക്കുന്നവർക്കും സേവനങ്ങൾ നൽകുന്ന വിമാനക്കമ്പനികൾക്ക്, യാത്ര പൂർത്തിയാക്കുന്ന രാജ്യത്തെ മാസ്ക് ഉപയോഗം സംബന്ധിച്ച നിയമം യാത്രയിലുടനീളം നടപ്പിലാക്കുന്നതിന് അനുമതിയുണ്ടെന്ന് ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനും, രാജ്യത്തെ പൊതു ഇടങ്ങളിൽ (ഇൻഡോർ, ഔട്ഡോർ), ഏതാനം ഇടങ്ങളിലൊഴികെ, മാസ്കുകളുടെ ഉപയോഗം ഒഴിവാക്കാനുമുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ദുബായ് എയർപോർട്സ് മാസ്കുകൾ ഒഴിവാക്കുന്നത് സംബന്ധിച്ച അറിയിപ്പ് നൽകിയിരിക്കുന്നത്.

തങ്ങളുടെ വിമാനങ്ങളിൽ ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

WAM