CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ്

featured UAE

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തിൽ നിന്നുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

CEPA കരാർ നിലവിൽ വന്നതിന് ശേഷം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള എണ്ണ ഇതര സാധനങ്ങളുടെ കയറ്റുമതി അഞ്ച് മടങ്ങായി ഉയർന്നതായി കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ഇതേ കാലയളവിൽ മറ്റു രാജ്യങ്ങളിലേക്കുള്ള ഇത്തരം വസ്തുക്കളുടെ കയറ്റുമതിയുമായി താരതമ്യം ചെയ്തു കൊണ്ടാണ് ഇത്.

“ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് ഈ കരാർ സഹായകമായിട്ടുണ്ട്. 2021 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള എണ്ണ ഇതര സാധനങ്ങളുടെ കയറ്റുമതി 5.17 ബില്യൺ ഡോളർ മൂല്യമുള്ളതായിരുന്നു. എന്നാൽ 2022 ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഇത് 5.92 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്.”, ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതി വരും മാസങ്ങളിൽ കൂടുതൽ ഉയരങ്ങളിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു.

കസ്റ്റംസ് തീരുവകൾ 90 ശതമാനം കുറച്ചുകൊണ്ട് വ്യാപാരം പ്രോത്സാഹിപ്പിക്കാനും, 2021 അവസാനത്തിൽ 45 ബില്യൺ ഡോളർ ആയിരുന്ന എണ്ണ ഇതര വ്യാപാരം അടുത്ത അഞ്ച് വർഷങ്ങളിൽ പ്രതിവർഷം 100 ബില്യൺ ഡോളറായി വർധിപ്പിക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള CEPA ഉടമ്പടി സഹായിക്കുമെന്ന് യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി 2022 മെയ് മാസത്തിൽ അറിയിച്ചിരുന്നു.

WAM