നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8, ശനിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) അറിയിച്ചു. 2022 ഒക്ടോബർ 6-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതോടൊപ്പം, ITC-യുടെ കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ, ഡാർബ് ടോൾ ഗേറ്റുകൾ, പൊതു ബസുകൾ എന്നിവയുടെ പ്രവർത്തനസമയവും പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതു പാർക്കിംഗ്:
ഈ അറിയിപ്പ് പ്രകാരം, 2022 ഒക്ടോബർ 8, ശനിയാഴ്ച്ച മുതൽ 2022 ഒക്ടോബർ 10, തിങ്കളാഴ്ച രാവിലെ 7:59 വരെ അബുദാബിയിൽ ഉപരിതല പൊതു പാർക്കിംഗ് ഇടങ്ങളിൽ വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്. മുസഫ ഇൻഡസ്ട്രിയൽ മേഖലയിലെ M18 പാർക്കിംഗ് ഏരിയ ഈ കാലയളവിൽ സൗജന്യമാക്കിയതായും ITC അറിയിച്ചിട്ടുണ്ട്.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുവാദമില്ലാത്ത ഇടങ്ങളിലോ, മറ്റു വാഹനങ്ങളെ തടയുന്ന രീതിയിലോ, ഗതാഗതത്തിന് തടസമുണ്ടാക്കുന്ന രീതിയിലോ വാഹനങ്ങൾ നിർത്തി ഇടരുതെന്നും ITC ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രി 9 മുതൽ രാവിലെ 8 വരെ റസിഡന്റ് പാർക്കിങ്ങുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാനും ITC നിർദ്ദേശിച്ചിട്ടുണ്ട്.
ടോൾ:
2022 ഒക്ടോബർ 8, ശനിയാഴ്ച്ച ഡാർബ് ടോൾ ഒഴിവാക്കുമെന്നും ITC അറിയിച്ചിട്ടുണ്ട്. 2022 ഒക്ടോബർ 10, തിങ്കളാഴ്ച മുതൽ (രാവിലെ 7 മുതൽ രാവിലെ 9 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും) ടോൾ തിരികെ ഏർപ്പെടുത്തുന്നതാണ്.
ബസുകൾ:
പൊതുഗതാഗത്തിനുള്ള ബസുകൾ സാധാരണ സമയക്രമം പാലിച്ച് കൊണ്ട് സർവീസ് നടത്തുമെന്ന് ITC അറിയിച്ചിട്ടുണ്ട്.
കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ:
ITC-യുടെ കീഴിലുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ ഒക്ടോബർ 8 ശനിയാഴ്ച അവധിയായിരിക്കും. ITC-യുടെ എല്ലാ സേവനങ്ങളും https://www.itc.gov.ae/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയോ, customer.care@itc.gov.ae എന്ന ഇമെയിൽ വിലാസത്തിലൂടെയോ, Darb ആപ്പിലൂടെയോ നേടാവുന്നതാണ്.
WAM