ഖത്തർ 2022 വേൾഡ് കപ്പ് ടൂർണമെന്റുമായി ബന്ധപ്പെട്ട് ഫിഫ ഒരു പുതിയ ടിക്കറ്റ് ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളിലേക്കുള്ള ഈ ആപ്പ് ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോറുകളിൽ ലഭ്യമാണ്.
ഒക്ടോബർ 17-ന് ദോഹയിൽ വെച്ച് നടന്ന ‘വൺ മന്ത് ടു ഗോ’ പത്രസമ്മേളനത്തിൽ ഫിഫ വേൾഡ് കപ്പ് സി ഇ ഓ കോളിൻ സ്മിത്താണ് ഇക്കാര്യം അറിയിച്ചത്. ഖത്തർ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഡയറക്ടർ ജനറൽ എൻജിനീയർ യാസിർ അൽ ജമാൽ, ഖത്തർ 2022 സി ഇ ഓ നാസ്സർ അൽ ഖത്തർ എന്നിവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
“FIFA World Cup 2022™ Tickets” എന്ന ഈ ഔദ്യോഗിക ടിക്കറ്റിങ്ങ് ആപ്പിലൂടെ ടിക്കറ്റുകൾ നേടുന്നതിനും, ടിക്കറ്റ് വിവരങ്ങൾ മാറ്റുന്നതിനും, മറ്റൊരാൾക്ക് ടിക്കറ്റ് സമ്മാനിക്കുന്നതിനുമുള്ള സൗകര്യങ്ങൾ ലഭ്യമാണ്. ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി എടുത്തിട്ടുള്ള ടിക്കറ്റുകളുടെ കോപ്പി നിങ്ങളുടെ സ്മാർട്ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നതിന് സാധിക്കുന്നതാണ്.
https://play.google.com/store/apps/details?id=io.tixngo.app.fwc22 എന്ന വിലാസത്തിലൂടെ ആൻഡ്രോയിഡ് ഫോണുകളിലും, https://apps.apple.com/us/app/fifa-world-cup-2022-tickets/id1621271770 എന്ന വിലാസത്തിലൂടെ ആപ്പിൾ ഫോണുകളിലും ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
പേപ്പർ ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഒക്ടോബർ 18 മുതൽ ആരംഭിക്കും
ലോകകപ്പ് മത്സരങ്ങൾക്കുള്ള പേപ്പർ ടിക്കറ്റുകളുടെ കൗണ്ടർ വില്പന ഇന്ന് (2022 ഒക്ടോബർ 18 ) മുതൽ ആരംഭിക്കുമെന്നും ഫിഫ വേൾഡ് കപ്പ് സി ഇ ഓ കോളിൻ സ്മിത്ത് അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തുറക്കുന്ന ടിക്കറ്റിങ്ങ് കേന്ദ്രങ്ങളിൽ നിന്നാണ് ടിക്കറ്റുകളുടെ നേരിട്ടുള്ള വില്പന ആരംഭിക്കുന്നത്. ഓൺലൈൻ വില്പനയ്ക്ക് ശേഷം ബാക്കിയുള്ള ടിക്കറ്റുകൾ വാങ്ങുന്നതിനും, ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക് സംശയനിവാരണത്തിനായും ഈ കേന്ദ്രത്തിൽ എത്താവുന്നതാണ്.
നേരത്തെ ടിക്കറ്റ് എടുത്തിട്ടുള്ളവർക്ക്, ഡിജിറ്റൽ ടിക്കറ്റ് ലഭ്യമാക്കുന്നതിനായി ടിക്കറ്റിങ്ങ് ആപ്പ് ഡൌൺലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള ഒരു ഇമെയിൽ വരും ദിനങ്ങളിൽ അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തുന്നവർക്ക് ടിക്കറ്റുകൾ, ഹയ്യ കാർഡ് എന്നിവ രണ്ടും നിർബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.