സൗദി അറേബ്യ: ബാങ്കിങ്ങ് വിവരങ്ങൾ ആരുമായും പങ്ക് വെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം

GCC News

ബാങ്കിങ്ങ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇത്തരം സ്വകാര്യ വിവരങ്ങൾ ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ബാങ്കിങ്ങ് വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ, പാസ്സ്‌വേർഡുകൾ തുടങ്ങിയ വളരെ രഹസ്യമായ വിവരങ്ങൾ മറ്റുള്ളവർക്ക് നൽകരുതെന്ന് ഒക്ടോബർ 18-ന് പുറത്തിറക്കിയ അറിയിപ്പിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോക്താവിൽ നിന്ന് ബാങ്ക് കാർഡിലെ രഹസ്യ നമ്പർ, പാസ്സ്‌വേർഡ്, ഒ ടി പി നമ്പർ എന്നിവ ചോദിച്ച് കൊണ്ട് ബാങ്ക് ഉദ്യോഗസ്ഥർ സമീപിക്കില്ലെന്നും, ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

സൗദി ഫെഡറേഷൻ ഓഫ് സൈബർ സെക്യൂരിറ്റിയുമായി ചേർന്ന് സൗദി ബാങ്ക്സ് മീഡിയ ആൻഡ് ബാങ്കിങ്ങ് അവേർനസ് കമ്മിറ്റി നടത്തുന്ന ദേശീയ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ അറിയിപ്പ്. വിവിധ തട്ടിപ്പുകളെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും, തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് ജനങ്ങളെ തടയുന്നതിനും ലക്ഷ്യമിട്ടാണ് ‘ബി കെയർഫുൾ’ എന്ന ഈ പ്രചാരണ പരിപാടി നടത്തുന്നത്.

ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കാൻ ജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. 911 (മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിൽ), 999 (സൗദിയിലെ മറ്റു പ്രദേശങ്ങളിൽ) എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് കൊണ്ടും ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ പങ്ക് വെക്കാവുന്നതാണ്.