ലുസൈൽ ഇലക്ട്രിക്ക് ബസ് ഡിപ്പോ ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി H.E. ജാസിം സൈഫ് അഹ്‌മദ് അൽ സുലൈതി ഉദ്ഘാടനം ചെയ്തു. 2022 ഒക്ടോബർ 18-നാണ് ഖത്തർ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഖത്തർ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി H.E. ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസ്സർ ബിൻ അഹ്‌മദ് ബിൻ അലി അൽ താനി, പബ്ലിക് വർക്സ് അതോറിറ്റി പ്രസിഡന്റ് ഡോ. എൻജിനീയർ സാദ് ബിൻ അഹ്‌മദ് അൽ മുഹനാദി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഒരേ സമയം 478 ബസുകൾ ഉൾക്കൊള്ളാനാകുന്ന ലുസൈൽ ബസ് ഡിപ്പോ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ബസ് ഡിപ്പോയാണ്. ഖത്തർ ട്രാൻസ്‌പോർട്ട് വകുപ്പിന്റെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ച്ചർ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ഡിപ്പോ നിർമ്മിച്ചിരിക്കുന്നത്. ലുസൈൽ നഗരത്തിന് പടിഞ്ഞാറ് വശത്താണ് ഈ ഡിപ്പോ സ്ഥിതി ചെയ്യുന്നത്.
സോളാർ എനർജി ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രവർത്തിക്കുന്ന പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ആദ്യത്തെ ബസ് ഡിപ്പോയാണിതെന്ന് അൽ സുലൈതി അറിയിച്ചു. ഈ ഡിപ്പോയിലെ കെട്ടിടങ്ങളുടെ പ്രവർത്തനത്തിനായി പ്രതിദിനം 4 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി 11000 പി വി സോളാർ പാനലുകളാണ് ഈ ഡിപ്പോയിൽ സ്ഥാപിച്ചിരിക്കുന്നത്.
വാദി അൽ ബനാത് റോഡിന് വടക്ക് വശത്തും, വാദി സ്‌മൈറ സ്ട്രീറ്റിന് പടിഞ്ഞാറ് വശത്തുമായി സ്ഥിതിചെയ്യുന്ന ഈ ഡിപ്പോയുടെ വിസ്തൃതി നാല് ലക്ഷം സ്‌ക്വയർ മീറ്ററിലും അധികമാണ്.