2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഭക്ഷ്യ ഇറക്കുമതി ഇനത്തിൽ സൗദി അറേബ്യ പ്രതിവർഷം 70 ബില്യൺ റിയാൽ ചെലവഴിക്കുന്നതായി MEWA സൂപ്പർവൈസർ ജനറൽ ഡോ. അലി അൽ-സബ്ഹാൻ അറിയിച്ചു. രാജ്യത്തെ നിക്ഷേപകർക്കും, വ്യവസായികൾക്കും, ചെറുകിട ഇടത്തരം സംരംഭകർക്കും ഭക്ഷ്യവ്യവസായ മേഖല വലിയ അവസരങ്ങൾ നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2025-ഓടെ മത്സ്യ ഉത്പാദന മേഖലയിലും, ഈന്തപ്പഴ കയറ്റുമതി മേഖലയിലും വലിയ ലക്ഷ്യങ്ങളാണ് സൗദി അറേബ്യയുടെ മുന്നിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. മത്സ്യ ഉത്പാദന മേഖലയിൽ 500 ശതമാനം വളർച്ച കൈവരിക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. മത്സ്യ കയറ്റുമതി മൂല്യം 3 ബില്യൺ റിയാലിലേക്ക് ഉയർത്തുന്നതിനും, ഈന്തപ്പഴ കയറ്റുമതി മൂല്യം 2.5 ബില്യൺ റിയലിലേക്കും ഉയർത്തുന്നതിനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്.