രാജ്യത്തെ വാണിജ്യ മേഖലയിൽ ഏർപ്പെടുത്തിയിരുന്ന Ehteraz ആപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. 2022 ഒക്ടോബർ 27-ന് വൈകീട്ടാണ് MoCI ഇക്കാര്യം അറിയിച്ചത്.
ഈ തീരുമാനപ്രകാരം, 2022 നവംബർ 1 മുതൽ ഖത്തറിലെ വാണിജ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഇടങ്ങളിലേക്കും, പൊതു ചടങ്ങുകളിലേക്കും പ്രവേശിക്കുന്നതിന് Ehteraz ആപ്പിന്റെ ഉപയോഗം ഒഴിവാക്കുന്നതാണ്. 2022 നവംബർ 1 മുതൽ Ehteraz ആപ്പിന്റെ ഉപയോഗം രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കി പരിമിതപ്പെടുത്താനുള്ള ഖത്തർ ക്യാബിനറ്റ് തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണിത്.
താഴെ പറയുന്ന ഇടങ്ങളിൽ 2022 നവംബർ 1, ചൊവ്വാഴ്ച മുതൽ Ehteraz ആപ്പിന്റെ ഉപയോഗം ഒഴിവാക്കുന്നതായാണ് MoCI അറിയിച്ചിരിക്കുന്നത്:
- ഷോപ്പിംഗ് മാളുകൾ.
- ജിം.
- കായിക മത്സര വേദികൾ.
- കോൺഫെറൻസുകൾ, എക്സിബിഷനുകൾ, മറ്റു ചടങ്ങുകൾ.
- റെസ്റ്ററന്റുകൾ, കഫെ.
- അമ്യൂസ്മെന്റ് പാർക്കുകൾ ഉൾപ്പടെയുള്ള വിനോദകേന്ദ്രങ്ങൾ.
- ബ്യൂട്ടി സെന്ററുകൾ, സലൂണുകൾ.
- വിവാഹ ചടങ്ങുകളുടെ വേദികൾ.
- വാട്ടർ പാർക്കുകൾ, സ്വിമ്മിങ് പൂളുകൾ.
- തീയറ്ററുകൾ, സിനിമാശാലകൾ.
Ehteraz ആപ്പിന്റെ ഉപയോഗം രാജ്യത്തെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമാക്കി പരിമിതപ്പെടുത്താൻ ഖത്തർ ക്യാബിനറ്റ് 2022 ഒക്ടോബർ 26-ന് തീരുമാനിച്ചിരുന്നു.
ഇതോടെ വീടിന് പുറത്തിറങ്ങുന്നവർ Ehteraz ആപ്പ് നിർബന്ധമായും ഫോണുകളിൽ പ്രയോഗക്ഷമമാക്കിയിരിക്കണം എന്ന തീരുമാനവും, പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് Ehteraz ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് പരിശോധിച്ചിരിക്കണമെന്ന തീരുമാനവും, ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മാത്രമായി പരിമിതപ്പെടുത്തുന്നതാണ്.