ഖത്തർ ലോകകപ്പ്: ഉദ്ഘാടന ചടങ്ങ് നവംബർ 20-ന് വൈകീട്ട് 5 മണിക്ക്; ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം

featured GCC News

ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് 2022 നവംബർ 20-ന് വൈകീട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. 2022 നവംബർ 3-ന് നടന്ന ഒരു പ്രത്യേക പത്രസമ്മേളനത്തിൽ വെച്ച് സുപ്രീം കമ്മിറ്റിയുടെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇവന്റ് വിഭാഗം ഡയറക്ടർ ഖാലിദ് അൽ മൗലാവിയാണ് ഇക്കാര്യം അറിയിച്ചത്.

2022 നവംബർ 20-ന് നടക്കുന്ന ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ന്റെ ഉദ്‌ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറുമായി അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതാണ്. ഈ മത്സരത്തിന് രണ്ട് മണിക്കൂർ മുൻപായാണ് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുന്നത്.

ഉദ്‌ഘാടന മത്സര ദിനത്തിൽ വൈകീട്ട് 3 മണിമുതൽ സ്റ്റേഡിയത്തിലേക്കുള്ള ഗേറ്റുകൾ തുറക്കുമെന്നും കമ്മിറ്റി അറിയിച്ചു. ഉദ്‌ഘാടന ചടങ്ങ് അതിഗംഭീരമായിരിക്കുമെന്ന് കമ്മിറ്റി സൂചിപ്പിച്ചു.

ടിക്കറ്റ് ഇല്ലാത്തവർക്ക് ഡിസംബർ 2 മുതൽ രാജ്യത്തേക്ക് പ്രവേശിക്കാം

ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റില്ലാത്ത ഫുട്ബാൾ ആരാധകർക്ക് ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ അവസാനിച്ച ശേഷം 2022 ഡിസംബർ 2 മുതൽ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുമെന്ന് സുപ്രീം കമ്മിറ്റി ഈ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെയും, ലോകകപ്പ് സെക്യൂരിറ്റി വിഭാഗത്തിന്റെയും ഔദ്യോഗിക വക്താവായ കേണൽ ജാബിർ ഹമൗദ് ജാബിർ അൽ നുഐമിയാണ് ഇക്കാര്യം അറിയിച്ചത്.

ഇവർക്ക് ഹയ്യ കാർഡ് നിർബന്ധമാണ്. ഹയ്യ കാർഡിനായി ഇവർ ഹയ്യ ഓൺലൈൻ സംവിധാനത്തിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ അപേക്ഷിക്കേണ്ടതാണ്.