യു എ ഇ: നവംബർ 7 മുതൽ എല്ലാ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കാൻ തീരുമാനിച്ചതായി NCEMA

featured GCC News

രാജ്യത്തെ എല്ലാ COVID-19 നിയന്ത്രണങ്ങളും 2022 നവംബർ 7-ന് രാവിലെ 6 മണി മുതൽ ഒഴിവാക്കാൻ തീരുമാനിച്ചതായി യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു. 2022 നവംബർ 6-ന് വൈകീട്ടാണ് NCEMA ഇക്കാര്യം അറിയിച്ചത്.

COVID-19 രോഗബാധയുമായി ബന്ധപ്പെട്ട് ഞായറാഴ്ച്ച വൈകീട്ട് നടത്തിയ പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA ഇക്കാര്യം അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് NCEMA അറിയിച്ചിരിക്കുന്നത്:

  • രാജ്യത്തെ പള്ളികൾ, ആരാധനാലയങ്ങൾ എന്നിവ ഉൾപ്പടെ എല്ലാ ഇൻഡോർ, ഔട്ഡോർ പൊതു ഇടങ്ങളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ല. മാസ്ക് ധരിക്കാൻ ആഗ്രഹിക്കുന്നവർ ഒഴികെയുള്ളവർക്ക് ആവശ്യമെങ്കിൽ അത് ഒഴിവാക്കാവുന്നതാണ്.
  • എന്നാൽ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
  • പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് അൽ ഹൊസൻ ഗ്രീൻ പാസ് ആവശ്യമില്ല.
  • അൽ ഹൊസൻ ആപ്പിന്റെ ഉപയോഗം രാജ്യത്തിന് പുറത്ത് വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനും, PCR റിസൾട്ട് നൽകുന്നതിനും മാത്രമായി പരിമിതപ്പെടുത്തും.
  • പള്ളികളിലെത്തുന്നവർ സ്വന്തമായിട്ടുള്ള നിസ്കാര പായകൾ ഉപയോഗിക്കണമെന്ന നിബന്ധന ഒഴിവാക്കി.
  • രാജ്യത്തെ PCR പരിശോധനാ കേന്ദ്രങ്ങൾ, COVID-19 ചികിത്സാ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തുടരും.
  • COVID-19 രോഗബാധിതർക്ക് ഏർപ്പെടുത്തിയിട്ടുള്ള അഞ്ച് ദിവസത്തെ ഐസൊലേഷൻ തുടരും.
  • കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ മുൻ‌കൂർ പരിശോധനകളുടെ ഫലം, വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെടുന്നതിന് സംഘാടകർക്ക് അനുമതി നൽകിയിട്ടുണ്ട്.

സ്ഥിതിഗതികൾ തുടർച്ചയായി വിലയിരുത്തുമെന്നും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് തയ്യാറായിരിക്കുമെന്നും NCEMA അറിയിച്ചിട്ടുണ്ട്.