രാജ്യത്തെ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഒക്ടോബർ മാസത്തിൽ രാജ്യവ്യാപകമായി 3712 പരിശോധനകൾ നടത്തിയതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. ഖത്തറിലെ തൊഴിൽ മേഖലയിലെ ഒക്ടോബർ മാസത്തെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിക്കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. തൊഴിൽ നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഒക്ടോബർ മാസത്തിൽ ഖത്തറിൽ വ്യാപകമായ പരിശോധനാ പരിപാടികൾ സംഘടിപ്പിച്ചതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ മേഖലകളിലെ സ്ഥാപനങ്ങളിൽ നടത്തിയ 3712 പരിശോധനകളിൽ 1173 നിയമലംഘനങ്ങൾ കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് 575 സ്ഥപാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഒക്ടോബർ മാസത്തിൽ 6989 പുതിയ നിയമനങ്ങൾക്കുള്ള അപേക്ഷകൾ ലഭിച്ചതായും, ഇതിൽ 3032 അപേക്ഷകൾക്ക് അംഗീകാരം നൽകിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. തൊഴിൽ മാറുന്നതുമായി ബന്ധപ്പെട്ട് 3578 അപേക്ഷകൾ ലഭിച്ചതായും, ഇതിൽ 3520 അപേക്ഷകൾക്ക് അംഗീകാരം നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.
2022 ഒക്ടോബർ മാസത്തിൽ തൊഴിലാളികളിൽ നിന്ന് തൊഴിലുടമകൾക്കെതിരെ 2370 പരാതികൾ ലഭിച്ചതായും, ഇതിൽ 354 പരാതികളിൽ തീർപ്പ് കല്പിച്ചതായും മന്ത്രാലയം അറിയിച്ചു. 1846 പരാതികൾ പരിശോധിച്ച് വരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.