യു എ ഇയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയെ വരവേൽക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി സംബന്ധമായതും, സുസ്ഥിര കാലാവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ അറിയിച്ചു. 2022 നവംബർ 7-നാണ് എക്സ്പോ സിറ്റി ദുബായ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
എല്ലാവർക്കും സുസ്ഥിരമായ ഒരു ഭാവി ഉറപ്പാക്കുന്നതിന് വേണ്ടി, കാലാവസ്ഥാ സംരക്ഷണത്തിനായി എക്സ്പോ സിറ്റി ദുബായ് പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. നല്ല ഒരു നാളേക്കായി ഇന്നത്തെ കുട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് എക്സ്പോ സിറ്റി ദുബായ് അധികൃതർ കൂട്ടിച്ചേർത്തു.
എക്സ്പോ സിറ്റി ദുബായിൽ വെച്ച് നടക്കുന്ന 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയിലേക്കുള്ള പ്രയാണത്തിൽ പങ്ക് ചേരാൻ എല്ലാ പ്രായത്തിലുള്ളവരെയും അധികൃതർ സ്വാഗതം ചെയ്തിട്ടുണ്ട്. യുവാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് പരിസ്ഥിതി സംബന്ധമായ ചര്ച്ചാവേദികൾ, പ്രദർശനങ്ങൾ, പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.
“COP27 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ആഗോളതലത്തിലുള്ള സഹപ്രവര്ത്തനത്തിനായി ഇത്തരം ഒരു പ്രധാന വേദി ഒരുക്കിയതിൽ ആതിഥേയ രാജ്യമായ ഈജിപ്തിനോട് ഞാൻ നന്ദി അറിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും, ഇതിനായുള്ള കർമ്മപരിപാടികൾ, പരിഹാരങ്ങൾ എന്നിവയ്ക്ക് രൂപം നൽകുന്നതിനും യു എ ഇ എന്നും പ്രതിജ്ഞാബദ്ധരാണ്. 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ ഞങ്ങൾ ഈ അവസരം ഉപയോഗിക്കുന്നു.”, ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ നടക്കുന്ന COP27 കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിച്ച് കൊണ്ട് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
2023 നവംബർ 6 മുതൽ 17 വരെയാണ് ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരുക്കുന്ന കൂടുതകൾ പരിപാടികളും, പ്രദർശനങ്ങളും അടുത്ത 12 മാസങ്ങൾക്കിടയിൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുന്നതാണ്.
കാലാവസ്ഥാ സംബന്ധമായ വിഷയങ്ങൾ, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും വലിയ സമ്മേളനമാണ് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്. ലോകരാജ്യങ്ങളുടെ തലവന്മാർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.
ഇരുപത്തെട്ടാമത് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ് കാലാവസ്ഥാ പ്രതിജ്ഞാബദ്ധതകളും പ്രതിജ്ഞകളും നടപ്പിലാക്കൽ, വെല്ലുവിളികളെ അതിജീവിക്കുന്നതിന് സംഭാവന ചെയ്യുന്ന പരിഹാരങ്ങൾ തിരിച്ചറിയൽ, ഇത് നടപ്പിലാക്കുന്നതിനായുള്ള ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങൾ വർത്തമാന, ഭാവി തലമുറകൾക്ക് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിനുള്ള അവസരങ്ങൾ മുതലെടുക്കൽ എന്നിവ ഉൾപ്പെടെയുള്ള പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയാകുന്നതിനായി യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി 2021 നവംബറിൽ ഗ്ലാസ്ഗോയിൽ വെച്ച് നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന്, COP28 കാലാവസ്ഥാ ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2022 ജൂൺ മാസത്തിൽ പ്രഖ്യാപിച്ചിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി ലോകം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ നടക്കുന്ന COP27(യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുത്ത് കൊണ്ടാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.