ബ്രസീലിന് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണ്‍ നേടിയ ഗോൾ ഖത്തർ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ഫുട്ബാൾ ആരാധകരുടെ വോട്ടിംഗ് അടിസ്ഥാനമാക്കിയാണ് ഫിഫ ഈ പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഫുട്ബാൾ ആരാധകർക്കായി ഫിഫ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ സെർബിയക്കെതിരെ റിച്ചാര്‍ലിസണ്‍ ബൈസിക്കിൾ കിക്കിലൂടെ നേടിയ ഗോൾ 2022 ലോകകപ്പിലെ ഏറ്റവും മികച്ച ഗോളായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
നവംബർ 25-ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഗ്രൂപ്പ് ജി മത്സരത്തിൽ ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളിന് സെർബിയയെ തോൽപ്പിച്ചിരുന്നു. ഈ മത്സരത്തിന്റെ അറുപത്തിരണ്ടാം മിനിറ്റിലും, എഴുപത്തിമൂന്നാം മിനിറ്റിലും റിച്ചാര്‍ലിസണ്‍ ബ്രസീലിനായി ഗോൾ നേടി.
https://play.fifa.com/gott എന്ന വിലാസത്തിൽ ഈ ഗോൾ ഉൾപ്പടെ ലോകകപ്പിലെ ഏറ്റവും മികച്ച ഗോൾ തിരഞ്ഞെടുക്കുന്നതിനുള്ള അഭിപ്രായ വോട്ടെടുപ്പിൽ ഫിഫ ഉൾപ്പെടുത്തിയിരുന്ന ഗോളുകളുടെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണ്.
സൗദി അറേബ്യയ്ക്ക് വേണ്ടി അർജന്റീനയ്‌ക്കെതിരെ അൽ ദോവ്സരി നേടിയ ഗോൾ, ക്രോയേഷ്യക്കെതിരെ നെയ്മർ നേടിയ ഗോൾ, ഇക്വഡോറിനെതിരെ നെതർലൻഡ്സിന് വേണ്ടി കോഡി ഗാക്പോ സ്‌കോർ ചെയ്ത ഗോൾ, മെക്സിക്കോയ്ക്കെതിരെ അർജന്റീനയ്‌ക്ക് വേണ്ടി എൻസോ ഫെർണാണ്ടസ് നേടിയ ഗോൾ, സെർബിയയ്ക്കെതിരെ കാമറൂണിന് വേണ്ടി വിൻസെന്റ് അബൂബക്കർ നേടിയ ഗോൾ, സൗദിയ്ക്കെതിരെ ലൂയി ഷാവേസ് (മെക്സിക്കോ) നേടിയ ഗോൾ, പോളണ്ടിനെതിരെ എംബപ്പേ സ്‌കോർ ചെയ്ത ഗോൾ, സൗത്ത് കൊറിയയ്‌ക്കെതിരെ റിച്ചാര്‍ലിസണ്‍ നേടിയ ഗോൾ, ബ്രസീലിനെതിരെ പാക് സിയോങ് (സൗത്ത് കൊറിയ) സ്‌കോർ ചെയ്ത ഗോൾ എന്നിവ ഫിഫ ഈ അഭിപ്രായ വോട്ടെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നു.
Cover Image: Qatar News Agency.