രാജ്യത്തെ വിവിധ നിയമങ്ങൾ ലംഘിച്ച മുപ്പതിനായിരം പ്രവാസികളെ 2022-ൽ കുവൈറ്റിൽ നിന്ന് നാട്കടത്തിയതായി അധികൃതർ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിൽ 660 പേരെ കോടതിനടപടികളുമായി ബന്ധപ്പെട്ട വിധികളെ തുടർന്നാണ് കുവൈറ്റിൽ നിന്ന് നാട്കടത്തിയത്. മറ്റുള്ളവരെ വിവിധ നിയമലംഘനങ്ങളും, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടാണ് നാട്കടത്തിയിരിക്കുന്നത്.
മയക്കുമരുന്ന് ഉപയോഗം, അടിപിടി, മോഷണം, വ്യാജ മദ്യനിർമ്മാണം തുടങ്ങിയ കുറ്റകൃത്യങ്ങളും, രാജ്യത്തെ കുടിയേറ്റ നിയമങ്ങളുടെ ലംഘനങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2022-ൽ കുവൈറ്റിൽ നിന്ന് നാട്കടത്തപ്പെട്ടവരിൽ 17000 പേർ പുരുഷന്മാരും, 13000 പേർ സ്ത്രീകളുമാണ്.
പുരുഷന്മാരിൽ 6400 ഇന്ത്യക്കാരും, 3500 ബംഗ്ലാദേശികളും, 3000 ഈജിപ്ഷ്യൻ പൗരന്മാരും, സ്ത്രീകളിൽ 3000 ഫിലിപ്പീനികളും, 2600 ശ്രീലങ്കൻ പൗരന്മാരും, 1700 ഇന്ത്യക്കാരും ഉൾപ്പെടുന്നു.