യു എ ഇ: ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം

GCC News

രാജ്യത്ത് 2023 ജനുവരി 7, ശനിയാഴ്ച വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മുതൽ രാജ്യവ്യാപകമായി മഴ കൂടുതൽ ശക്തി പ്രാപിക്കാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വടക്കന്‍ മേഖലകളിലും, കിഴക്കന്‍ മേഖലകളിലും, തീരപ്രദേശങ്ങളിലും ഈ ആഴ്ച മുഴുവൻ മഴ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. വാരാന്ത്യത്തോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നും, കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.

വെള്ളി, ശനി ദിവസങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അബുദാബിയുടെ തീരദേശ മേഖലകളിലും, ദുബായ്, ഷാർജ, അജ്‌മാൻ, ഉം അൽ കുവൈൻ, റാസ് അൽ ഖൈമ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.

വാരാന്ത്യത്തിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Cover Image: WAM.