ദുബായിലെ പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തു

featured UAE

2023-നെ സ്വാഗതം ചെയ്തു കൊണ്ട് നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ പതിനാറ് ലക്ഷത്തിലധികം പേർ പങ്കെടുത്തതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പുതുവത്സരാഘോഷങ്ങളുടെ വേളയിൽ അപകടങ്ങളോ, മറ്റു അനിഷ്ട സംഭവങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ദുബായ് മീഡിയ ഓഫീസ് കൂട്ടിച്ചേർത്തു.

2023 ജനുവരി 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റിലെ പുതുവർഷാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനായി ദുബായ് പോലീസ്, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ കീഴിലുള്ള എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവർ ചേർന്ന് നഗരം മുഴുവൻ പതിനായിരം സി സി ടിവി കാമറകൾ ഉപയോഗിച്ച് കൊണ്ടുള്ള നിരീക്ഷണവലയം ഒരുക്കിയിരുന്നു.

Source: Dubai Media Office.

ഇതിന് പുറമെ, സുരക്ഷാ നടപടികൾ ഏകോപിപ്പിക്കുന്നതിനായി നഗരത്തിലെ വിവിധ ഇടങ്ങളിൽ ദുബായ് പോലീസ്, RTA, സിവിൽ ഡിഫൻസ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവരുടെ സംയുക്ത സംഘങ്ങളെ നിയോഗിച്ചിരുന്നു.

Source: Dubai Media Office.

എമിറേറ്റിലെ പുതുവർഷാഘോഷങ്ങൾ അപകടങ്ങളും, അത്യാഹിതങ്ങളും കൂടാതെ വിജയകരമായി നടപ്പിലാക്കിയതായി ദുബായ് പോലീസ് ഹെഡ്ക്വാർട്ടേഴ്‌സ് വ്യക്തമാക്കി. പുതുവർഷവേളയിൽ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, സുഗമമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 10579 പോലീസ് ഉദ്യോഗസ്ഥരെയും, 5800 സെക്യൂരിറ്റി ഗാർഡുകളെയും, 1420 സന്നദ്ധസേവകരെയും നിയോഗിച്ചിരുന്നതായി ദുബായ് പോലീസ് കൂട്ടിച്ചേർത്തു.

എമിറേറ്റിലെ പുതുവത്സര ആഘോഷങ്ങൾ നടന്ന മേഖലകളിൽ നിന്നുള്ള മാലിന്യങ്ങൾ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ റെക്കോർഡ് സമയത്തിനുള്ളിൽ നീക്കം ചെയ്തിരുന്നു.

Cover Image: Dubai Media Office.