രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2023 ജനുവരി 15, ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ജനുവരി 11-നാണ് സൗദി കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ജനുവരി 11 മുതൽ 15 വരെ രാജ്യവ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്നും, അന്തരീക്ഷ താപനില താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി. രാജ്യവ്യാപകമായി സാമാന്യം ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
മക്ക, അസീർ, അൽ ബാഹ, ജസാൻ മുതലായ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വ്യാഴം, വെള്ളി ദിനങ്ങളിൽ മക്ക, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ഇടിയോട് കൂടിയ മഴ ലഭിക്കുമെന്നും, ഖാസിം, ഹൈൽ, നോർത്തേൺ ബോർഡേഴ്സ് റീജിയൻ, അൽ ജൗഫ്, തബുക്, മദീന മേഖലകളിൽ വെള്ളി മുതൽ ഞായർ വരെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
നോർത്തേൺ ബോർഡേഴ്സ് റീജിയൻ, അൽ ജൗഫ്, തബുക്, ഹൈൽ, മദീനയുടെ വടക്കൻ പ്രദേശങ്ങൾ മുതലായ മേഖലകളിൽ ബുധൻ മുതൽ വെള്ളി വരെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഒരു ഡിഗ്രി മുതൽ അഞ്ച് ഡിഗ്രി വരെ താഴാനിടയുണ്ടെന്നും, ഉറഞ്ഞ മഞ്ഞിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസിന്റെ വടക്കൻ പ്രദേശങ്ങൾ മുതലായ മേഖലകളിൽ അന്തരീക്ഷ താപനില നാല് ഡിഗ്രി മുതൽ ഏഴ് ഡിഗ്രി വരെ താഴാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകിയിട്ടുണ്ട്.
Cover Image: Rain in the Medina region, Jan 3, 2023. Source: Saudi Press Agency.