രാജ്യത്തെ റോഡുകളിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി സ്മാർട്ട് കാമറ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി ഇൻഫർമേഷൻ വകുപ്പിലെ ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ തൗഹീദ് അൽ കന്ദാരിയെ ഉദ്ധരിച്ചാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത്തരം സ്മാർട്ട് കാമറ സംവിധാനത്തിന്റെ സഹായത്തോടെ ഡ്രൈവ് ചെയ്യുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കുവൈറ്റിലെ റോഡുകളിൽ നടക്കുന്ന അപകടങ്ങളിൽ ഒരു വലിയ ശതമാനം അപകടങ്ങളും ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡ്രൈവർമാർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അമിതവേഗത, സിഗ്നൽ ലൈറ്റുകൾ പാലിക്കാതെയുള്ള ഡ്രൈവിംഗ്, അനുവദനീയമല്ലാത്ത ഇടങ്ങളിലെ യു-ടേൺ മുതലായ ട്രാഫിക് നിയമലംഘനങ്ങളും ഈ കാമറ സംവിധാനത്തിലൂടെ കണ്ടെത്താനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ റോഡുകളിലും, പൊതുഇടങ്ങളിലുമാണ് ഈ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കുവൈറ്റിലെ അപകടങ്ങൾ കുറയ്ക്കുന്നതിന് ഈ സ്മാർട്ട് കാമറ സംവിധാനം സഹായകമാകുമെന്ന് അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി കുവൈറ്റ് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Cover Image: Kuwait News Agency.