‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ ഇന്ന് (2023 ജനുവരി 19, വ്യാഴാഴ്ച) മുതൽ ആരംഭിക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി 2023 ജനുവരി 18-ന് അറിയിച്ചു.
2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്. ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
ഈ വേദികളിലെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, സന്ദർശകരെ സ്വീകരിക്കാൻ ഒരുങ്ങിയതായും മസ്കറ്റ് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
2023 ജനുവരി 19 മുതൽ ഈ നാല് വേദികളിലേക്കും ദിനവും വൈകീട്ട് 4 മണിമുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 11 മണിവരെയാണ് മസ്കറ്റ് നെറ്റ്സ് വേദികളിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഖുറം നാച്ചുറൽ പാർക്കിൽ ലേസർ ഷോ, ഡ്രോൺ ഷോ, കാർണിവൽ, ഹോഴ്സ് ഷോ മുതലായവ സംഘടിപ്പിക്കുന്നതാണ്. ഇത് കൂടാതെ ഇവിടെ കുട്ടികൾക്കുള്ള വിനോദകേന്ദ്രങ്ങൾ, സിനിമാ ഹാൾ, നിരവധി റെസ്റ്ററന്റുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അൽ നസീം പാർക്കിൽ വാണിജ്യ മേള, ഹെറിറ്റേജ് വില്ലേജ്, തിയേറ്റർ, സർക്കസ്, കാർണിവൽ, വീഡിയോഗെയിം ആർക്കേഡ് മുതലായ ആകർഷണങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ വേദിയിൽ കുട്ടികൾക്കായുള്ള പ്രത്യേക കാർണിവൽ, കലാമേളകൾ, വിവിധ മത്സരങ്ങൾ എന്നിവയും, ഭക്ഷ്യശാലകളും ഒരുക്കിയിട്ടുണ്ട്. ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയിൽ ഒമാനിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഒരു ഓൺലൈൻ ഗെയിമിംഗ് മത്സരം സംഘടിപ്പിക്കുന്നതാണ്.
Cover Image: Muscat Municipality.