യു എ ഇ: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു

featured GCC News

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രകാശനം ചെയ്തു. 2023 ജനുവരി 17-ന് രാത്രി എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. നമ്മളെല്ലാം ഒരേ ലോകത്തെ നിവാസികളാണെന്ന് സൂചിപ്പിക്കുന്ന ‘ഒരു ലോകം’ എന്ന ആശയത്തിലൂന്നിയാണ് COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഹരിത നിറത്തിന്റെ മങ്ങിയതും, ഇരുണ്ടതുമായ വർണ്ണങ്ങൾ ഉപയോഗിച്ച് കൊണ്ട് ഗോളാകൃതിയിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ലോഗോയുടെ ഉൾവശത്ത് നമ്മുടെ ലോകത്തെ വിവിധ തരത്തിലുള്ള പ്രതീകങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ജനങ്ങൾ, വീണ്ടും ഉപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ, പ്രകൃതി, ജൈവവൈവിധ്യം മുതലായ ബിംബങ്ങളെ ഒരു ഭൂഗോളത്തിൽ ഉൾപ്പെടുത്തുന്ന ഈ ലോഗോ ‘ഒരു ലോകം’ എന്ന ആശയത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നു.

Source: WAM.

മനുഷ്യകുലത്തിന് ഇന്ന് ലഭ്യമായ എല്ലാ പ്രകൃതിദത്തവും, സാങ്കേതികവുമായ വിഭവങ്ങളെ പ്രതിനിധാനം ചെയ്യുന്നതിനൊപ്പം, ഈ രൂപകൽപ്പന എല്ലാ മേഖലകളിലും ആവശ്യമായ സുസ്ഥിരവികസനം, നവീനസാങ്കേതികത തുടങ്ങിയ ആശയങ്ങളെ എടുത്ത് കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ആഗോള ജനത അടിയന്തിരമായി അണിചേരേണ്ടതിന്റെ പ്രാധാന്യം, കാലാവസ്ഥാ സംരക്ഷണത്തിന്റെ പ്രാധാന്യം എന്നിവയെ ഈ ലോഗോ അനുസ്മരിക്കുന്നു.

പൊതു സ്വകാര്യ മേഖലകളെയും, പൊതുസമൂഹത്തെയും, ശാസ്ത്രസമൂഹത്തെയും, സ്ത്രീകളെയും, യുവാക്കളെയും എല്ലാം ഉൾക്കൊള്ളിക്കുന്നതും, ലോകത്തെ മുഴുവൻ ഒരു കുടക്കീഴിൽ അണിനിരത്തുന്നതുമായ ഒരു കാലാവസ്ഥാ ഉച്ചകോടിയായിരിക്കും COP28 എന്ന സന്ദേശമാണ് ഈ ലോഗോ നൽകുന്നത്.

“നാമെല്ലാം ഒരേ ലോകത്താണ് ജീവിക്കുന്നത്; പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹകരണത്തോടെയും, കൂട്ടായും പ്രവർത്തിക്കേണ്ടതായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. COP28 മാറ്റങ്ങൾക്കും, നടപടികൾക്കും വേണ്ടിയുള്ള ഒരു കാലാവസ്ഥാ ഉച്ചകോടിയായിരിക്കും, എല്ലാവർക്കും വേണ്ടിയുള്ള ഒരു കാലാവസ്ഥാ ഉച്ചകോടി; ആരെയും ഒഴിവാക്കാത്ത ഒരു കാലാവസ്ഥാ ഉച്ചകോടി.”, ലോഗോ പ്രകാശനം ചെയ്യുന്ന വേളയിൽ COP28 ഉച്ചകോടിയുടെ നിയുക്ത പ്രസിഡണ്ട് ഡോ സുൽത്താൻ അൽ ജാബർ അറിയിച്ചു.

ഈ പുതിയ ലോഗോ COP28 യു എ ഇ ഉച്ചകോടിയുമായി ബന്ധപ്പെട്ട എല്ലാ ബ്രാൻഡിംഗ് നടപടികളിലും – വെബ്സൈറ്റ്, ദുബായ് എക്സ്പോ സിറ്റിയിലെ ഉച്ചകോടിയുടെ വേദി എന്നിവ ഉൾപ്പടെ – ഉപയോഗിക്കുന്നതാണ്.

COP28 ഉച്ചകോടിയുടെ വേദിയാകുന്നതിനായി യു എ ഇയെ ഔദ്യോഗികമായി തിരഞ്ഞെടുത്തതായി യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചിരുന്നു. 2021 നവംബർ 12-ന് ഗ്ലാസ്ഗോയിൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ വെച്ചാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

തുടർന്ന് 2023-ലെ COP28 ഉച്ചകോടിയ്ക്ക് ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കുമെന്ന് യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2022 ജൂണിൽ പ്രഖ്യാപിച്ചിരുന്നു.

കാലാവസ്ഥാ സംബന്ധമായ വിഷയങ്ങൾ, പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ചർച്ച ചെയ്യപ്പെടുന്ന ആഗോളതലത്തിൽ തന്നെയുള്ള ഏറ്റവും വലിയ സമ്മേളനമാണ് യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്. ലോകരാജ്യങ്ങളുടെ തലവന്മാർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ ഈ ഉച്ചകോടിയിൽ പങ്കെടുക്കുന്നതാണ്.

WAM