‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിൽ എത്തുന്ന സന്ദർശകർക്കായി റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
ഈ അറിയിപ്പ് പ്രകാരം, ഖുറം പബ്ലിക് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവിടങ്ങളിലെത്തുന്നവർ താഴെ പറയുന്ന ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
ഖുറം പബ്ലിക് പാർക്കിലെത്തുന്നവർക്കുള്ള ട്രാഫിക് നിർദ്ദേശങ്ങൾ:
- സന്ദർശകർ കൂടുതൽ പാർക്കിംഗ് ഇടങ്ങൾ ലഭ്യമാക്കിയിട്ടുള്ള ഗേറ്റ് നമ്പർ 3-ലൂടെ (കുട്ടികളുടെ മ്യൂസിയത്തിന് സമീപത്തുള്ള) പ്രവേശിക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
- ഗേറ്റ് നമ്പർ 1-ലൂടെ പ്രവേശിക്കുന്നത് കഴിയുന്നതും ഒഴിവാക്കേണ്ടതാണ്.
- എൻട്രൻസ് 1-ലേക്ക് നയിക്കുന്ന പാതയുടെ വശങ്ങളിൽ വാഹനങ്ങൾ നിർത്തരുത്.
- പാർക്കിലേക്ക് നയിക്കുന്ന പാതകളുടെ ഓരത്തുള്ള വീടുകൾക്ക് മുൻപിൽ വാഹനങ്ങൾ നിർത്തരുത്.
- ഈ നിർദ്ദേശങ്ങളിൽ വീഴ്ച വരുത്തുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതാണ്.
അൽ നസീം പബ്ലിക് പാർക്കിലെത്തുന്നവർക്കുള്ള ട്രാഫിക് നിർദ്ദേശങ്ങൾ:
- ഹൈവേയിൽ നിന്നെത്തുന്നവർ ബർക്ക പാലത്തിന് ശേഷമുള്ള സർവീസ് റോഡിലൂടെ പ്രവേശിക്കേണ്ടതാണ്.
- ബർക്ക വിലയത്തിൽ നിന്നെത്തുന്നവർ അൽ നസീം പാലം ഉപയോഗിച്ച് കൊണ്ട് ബർക്ക പാലത്തിന് ശേഷമുള്ള സർവീസ് റോഡിലൂടെ പ്രവേശിക്കേണ്ടതാണ്.
- സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലൂടെ എത്തുന്നവർ പാലസ് റൌണ്ട് എബൗട്ടിന് ശേഷം സർവീസ് റോഡിലൂടെ വലത് വശത്തെ പാതയിലേക്ക് പ്രവേശിക്കേണ്ടതാണ്.
- സന്ദർശകർക്ക് അൽ നസീം പാർക്കിന്റെ മൂന്ന് പ്രവേശന കവാടങ്ങളിൽ ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുക്കാവുന്നതാണ്.
- അൽ നസീം പാർക്കിന്റെ സമീപമുള്ള റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ നിർത്തരുത്.
ട്രാഫിക് സുഗമമാക്കുന്നത് മുൻനിർത്തി ഈ മേഖലകളിൽ റൌണ്ട്എബൗട്ടുകൾ, പാതകൾ എന്നിവ താത്കാലികമായി അടച്ചിടാൻ സാധ്യതയുണ്ടെന്നും, പോലീസുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്.
‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2023 ജനുവരി 19 മുതൽ ആരംഭിച്ചിട്ടുണ്ട്. 2023 ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെയാണ് ‘മസ്കറ്റ് നൈറ്റ്സ്’ നടക്കുന്നത്.
ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായാണ് ‘മസ്കറ്റ് നൈറ്റ്സ്’ സംഘടിപ്പിക്കുന്നത്.
Cover Image: @AlSahwa_Oman.