അബുദാബി: സിഗ്നൽ മറികടക്കുന്നതിനായി ഇന്റർസെക്ഷനുകളിലെ അമിതവേഗത; പോലീസ് മുന്നറിയിപ്പ് നൽകി

UAE

എമിറേറ്റിലെ റോഡുകളിലെ ഇന്റർസെക്ഷനുകളിൽ, സിഗ്നൽ മാറുന്നതിന് മുൻപ് അവ മറികടക്കുന്നതിന് വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. 2023 ഫെബ്രുവരി 3-നാണ് അബുദാബി പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അബുദാബിയിലെ ഒരു ജംഗ്ഷനിൽ, മഞ്ഞ സിഗ്നൽ നിലനിൽക്കുന്ന സാഹചര്യത്തിൽ, സിഗ്നൽ മാറുന്നതിന് മുൻപ് വേഗത്തിൽ അത് മറികടക്കാൻ ഒരു കാർ ശ്രമിക്കുന്നതും, ഡ്രൈവറുടെ കരുതലില്ലാത്ത നടപടിയെത്തുടർന്ന് അപകടം ഉണ്ടാകുന്നതും വ്യക്തമാക്കുന്ന ഒരു വീഡിയോ പോലീസ് ഈ അറിയിപ്പിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്.

സിഗ്നൽ മറികടക്കുന്നതിനായി ഇന്റർസെക്ഷനുകളിൽ അമിതവേഗതയിൽ വാഹനങ്ങൾ ഓടിക്കരുതെന്ന് അബുദാബി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരം ഡ്രൈവിംഗ് ശീലങ്ങൾ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി വാഹനം കൂട്ടിയിടിക്കുന്നതിന് ഇടയാക്കാമെന്നും, ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിക്കുന്നതിലേക്ക് നയിക്കാമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

അബുദാബിയിൽ ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് ലംഘിച്ച് വാഹനമോടിക്കുന്നവർക്ക് 1000 ദിർഹം പിഴ, 12 ബ്ലാക്ക് പോയിന്റ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്. ഇത്തരത്തിൽ റെഡ് സിഗ്നൽ ലംഘിക്കുന്ന വാഹനങ്ങൾ പോലീസ് പിടിച്ചെടുക്കുന്നതും, ഇവ വിട്ടുകിട്ടുന്നതിനായി 50000 ദിർഹം പിഴയായി അടക്കേണ്ടതുമാണ്.

ഈ ഫീസ് അടയ്ക്കുന്നത് വരെ വാഹനം വിട്ടു കൊടുക്കുന്നതല്ല. പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഈ തുക അടച്ച് തിരികെ കൈപ്പറ്റാത്ത വാഹനങ്ങൾ ലേലം ചെയ്യുന്നതാണ്.

Cover Image: WAM.