രണ്ടാമത് അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും

featured GCC News

യു എ ഇയുടെ തീരദേശമേഖലയുടെ പൈതൃകത്തിന്റെ ഉത്സവമായ അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ രണ്ടാമത് പതിപ്പ് 2023 ഫെബ്രുവരി 17 മുതൽ ആരംഭിക്കും. 2023 ഫെബ്രുവരി 13-ന് വൈകീട്ട് അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 17-ന് ആരംഭിക്കുന്ന അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവൽ ഫെബ്രുവരി 26 വരെ നീണ്ട് നിൽക്കും. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ കീഴിൽ ഒരുക്കുന്ന ഈ മേള അൽ ബഹർ അബുദാബി കോർണിഷിൽ വെച്ചാണ് സംഘടിപ്പിക്കുന്നത്.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ഈ സാംസ്‌കാരിക മേളയിൽ യു എ ഇയുടെ തീരദേശമേഖലയുടെ പരമ്പരാഗത ജീവിതരീതികൾ, പൈതൃക അടയാളങ്ങൾ, ചരിത്രം എന്നിവ പുനഃസൃഷ്ടിക്കപ്പെടുന്നതാണ്. ഈ മേഖലയിൽ അധിവസിക്കുന്നവരുടെ കരകൗശല സമ്പ്രദായങ്ങൾ, കലാരൂപങ്ങൾ, സംഗീതം, കഥാകഥനം, പരമ്പരാഗത ഭക്ഷണശീലങ്ങൾ എന്നിവ അടുത്തറിയുന്നതിനും ഈ മേഖലയിലെ പരമ്പരാഗത ചന്തകൾ നേരിട്ട് കാണുന്നതിനും സന്ദർശകർക്ക് അവസരം ലഭിക്കുന്നു.

മേളയിലെത്തുന്നവർക്ക് യു എ ഇയുടെ നാവിക പാരമ്പര്യത്തെയും, സമുദ്ര വാണിജ്യ ചരിത്രത്തിന്റെയും ഇതിഹാസങ്ങൾ അടുത്ത് അറിയുന്നതിനും, നാവിക മേഖലയിൽ യു എ ഇ പരമ്പരാഗതമായി ആർജ്ജിച്ചിട്ടുള്ള കഴിവുകൾ മനസിലാക്കുന്നതിനും അവസരം ലഭിക്കുന്നതാണ്. സന്ദർശകർക്കായി ഈ മേളയിൽ പ്രത്യേക വർക്ക്ഷോപ്പുകൾ, മറ്റു പരിശീലന പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതാണ്.

കപ്പലോട്ടം, കപ്പൽ നിർമ്മാണം, മത്സ്യബന്ധനം, മുത്ത്, പവിഴം എന്നിവയുടെ ശേഖരണം തുടങ്ങിയ മേഖലകളിൽ യു എ ഇ എന്ന രാജ്യത്തിനുള്ള ചരിത്രപരമായ സ്ഥാനം ഈ മേള പ്രത്യേകം എടുത്ത് കാട്ടുന്നു. മേളയുടെ ഭാഗമായി ഭക്ഷ്യവിഭവങ്ങൾ ഉൾപ്പടെ ലഭിക്കുന്ന ഒരു പരമ്പരാഗത മാർക്കറ്റ് പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.

https://abudhabiculture.ae/en/cultural-calendar/festivals-and-heritage/maritime-heritage-festival-2023 എന്ന വിലാസത്തിൽ ഈ മേള സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. ഞായർ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 11 വരെയും, വെള്ളി, ശനി ദിനങ്ങളിൽ വൈകീട്ട് 4 മുതൽ രാത്രി 12 വരെയും മേള സന്ദർശിക്കാവുന്നതാണ്.

അബുദാബി മാരിടൈം ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് 2022 മാർച്ച് 18 മുതൽ മാർച്ച് 27 വരെ സംഘടിപ്പിച്ചിരുന്നു.