അബുദാബി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി ADAFSA

featured UAE

എമിറേറ്റിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കർശന പരിശോധനാ നടപടികൾ ആരംഭിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഭക്ഷണ സാധനങ്ങൾ പരമാവധി സുരക്ഷയോടെയും, ശുചിത്വത്തോടെയുമാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനും, ഭക്ഷണം പാഴായി പോകുന്നത് പരമാവധി കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള പരിശോധനകളും, ബോധവത്‌കരണ പ്രചാരണ പരിപാടികളുമാണ് ADAFSA ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഭക്ഷണശാലകളിലെ തെറ്റായ പ്രവണതകൾ കണ്ടെത്തി അവ തിരുത്തുന്നതിനും, റമദാനിലുടനീളം ഇത്തരം സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച രീതിയിലുള്ള ഭക്ഷ്യസുരക്ഷാ നടപടികൾ ഉറപ്പ് വരുത്തുന്നതിനും ഊന്നൽ നൽകിയാണ് അധികൃതർ ഈ പരിശോധനകൾ നടപ്പിലാക്കുന്നത്.

എമിറേറ്റിലെ ഭക്ഷണശാലകൾ, ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ, ഭക്ഷണസാധനങ്ങളുടെ വിതരണക്കാർ, വില്പനശാലകൾ, സൂപ്പർമാർക്കറ്റുകൾ, ഗ്രോസറികൾ, റസ്റ്ററെന്റുകൾ, പരമ്പരാഗത രീതിയിലുള്ള അടുക്കളകൾ, കാറ്ററിംഗ് സേവനദാതാക്കൾ, പഴം, പച്ചക്കറി വില്പനശാലകൾ, മത്സ്യ, മാംസ വില്പനശാലകൾ മുതലായവ ഈ പരിശോധനകളുടെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

WAM.