സൗദി അറേബ്യ: ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താൻ പുതിയ സംവിധാനവുമായി റെഡ് ക്രെസെന്റ്

GCC News

ആംബുലൻസിന് വഴി കൊടുക്കാതെ വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ഒരു പുതിയ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി സൗദി റെഡ് ക്രെസെന്റ് അറിയിച്ചു. സൗദി ജനറൽ ട്രാഫിക് വകുപ്പുമായി ചേർന്ന് പുറത്തിറക്കിയിട്ടുള്ള ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ആംബുലൻസുകൾക്ക് മാർഗ്ഗതടസം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്നതിനും, ലംഘനങ്ങൾ രേഖപ്പെടുത്തുന്നതിനും സാധിക്കുന്നതാണെന്ന് സൗദി റെഡ് ക്രെസെന്റ് വ്യക്തമാക്കി.

ഈ ആപ്പ് ഉപയോഗിച്ചുള്ള നിരീക്ഷണനടപടികൾ 2023 മാർച്ച് 26 മുതൽ പ്രയോഗക്ഷമമാക്കിയതായി അധികൃതർ അറിയിച്ചിട്ടുണ്ട്. ആംബുലൻസുകൾക്ക് മാർഗ്ഗതടസം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്ക് പുറമെ, ആംബുലൻസുകളെ പിന്തുടർന്ന് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനും ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് സാധിക്കുന്നതാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനും, ജീവൻ രക്ഷിക്കുന്നതിനും, ലെയിൻ ട്രാഫിക് നിയമങ്ങൾ അനുസരിക്കുന്ന രീതിയിലുള്ള ഡ്രൈവിംഗ് ശീലങ്ങൾ വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സാങ്കേതികവിദ്യ പ്രയോഗക്ഷമമാക്കിയിരിക്കുന്നത്. ആംബുലൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഈ നടപടി സഹായകമാണ്.

ഈ ആപ്പ് പ്രയോഗക്ഷമമാക്കുന്നതിന്റെ പ്രാരംഭനടപടി എന്ന രീതിയിൽ ആംബുലൻസ് വാഹനങ്ങൾക്ക് വഴി മാറികൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്ന ഒരു പ്രത്യേക പ്രചാരണപരിപാടി സൗദി റെഡ് ക്രെസെന്റ് കഴിഞ്ഞ മാസം നടപ്പിലാക്കിയിരുന്നു.

Cover Image: Saudi Press Agency.