ഒമാൻ: അബുദാബിയിലേക്കുള്ള ബസ് സർവീസ് ആരംഭിച്ചു

GCC News

ഒമാനിൽ നിന്ന് അൽ ഐൻ വഴി അബുദാബിയിലേക്കുള്ള റൂട്ട് 202 ബസ് സർവീസ് 2023 ഒക്ടോബർ 1-ന് ആരംഭിച്ചു. ഒമാൻ ദേശീയ ഗതാഗത കമ്പനിയായ മുവാസലാതാണ് ഈ ബസ് സർവീസ് നടത്തുന്നത്.

മസ്കറ്റിൽ നിന്ന് ആരംഭിക്കുന്ന 202 എന്ന ഈ ബസ് റൂട്ട് അൽ ബുറൈമി, അൽ ഐൻ വഴിയാണ് അബുദാബിയിലേക്ക് സർവീസ് നടത്തുന്നത്. ഈ ബസ് ടിക്കറ്റ് മുവാസലാത് വെബ്സൈറ്റിലൂടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Source: Al Buraimi Governor’s Office.

ആദ്യ ഘട്ടത്തിൽ ഇരുവശത്തേക്കും പ്രതിദിനം ഒരു ട്രിപ്പ് എന്ന രീതിയിലാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. 2023 ഒക്ടോബർ 1-ന് നടന്ന ആദ്യ സർവീസിന്റെ ഭാഗമായി ബുറൈമി വിലായത്തിലെ ബസ് സ്റ്റേഷനിലെത്തിയ യാത്രികരെ മുവാസലാത് സ്വീകരിച്ചു.

Source: Al Buraimi Governor’s Office.

അൽ അസൈബ ബസ് സ്റ്റേഷൻ, മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ട്, ബുർജ് അൽ സഹ്‌വ ബസ് സ്റ്റേഷൻ, അൽ ഖൗദ് ബ്രിഡ്ജ്, അൽ മാബില്ഹ ബസ് സ്റ്റേഷൻ, അൽ നസീം പാർക്ക്, അൽ റുമൈസ്, ബർഖ ബ്രിഡ്ജ്, വാദി അൽ ജിസി, അൽ ബുറൈമി, അൽ ഐൻ സെൻട്രൽ സ്റ്റേഷൻ, അബുദാബി ബസ് സ്റ്റേഷൻ എന്നിവയാണ് ഈ റൂട്ടിലെ പ്രധാന സ്റ്റോപ്പുകൾ. ബർഖ ബ്രിഡ്ജ് മുതൽ വാദി അൽ ജിസി വരെ ബതീന എക്സ്പ്രസ് വേയിലൂടെയാണ് ഈ ബസ് സഞ്ചരിക്കുന്നത്.

Source: Mwasalat.

ഒരു വശത്തേക്ക് 11.5 റിയാലാണ് (ഇരുവശത്തേക്കും 22 റിയാൽ) ഈ ബസ് ടിക്കറ്റിന് ഈടാക്കുന്നത്. യാത്രികർക്ക് ലഗേജ് ഇനത്തിൽ 23 കിലോ വരെയും, ഹാൻഡ്ബാഗ് ഇനത്തിൽ 7 കിലോ വരെയും കൈവശം കരുതാവുന്നതാണെന്ന് മുവാസലാത് നേരത്തെ അറിയിച്ചിരുന്നു.

Cover Image: Al Buraimi Governor’s Office.