റമദാൻ മാസം അവസാനിക്കുന്നത് വരെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സാമാന്യം ശക്തമായ മഴ, പൊടിക്കാറ്റ് എന്നിവയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2023 ഏപ്രിൽ 7-ന് രാത്രിയാണ് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 9, ഞായറാഴ്ച മുതൽ റമദാൻ മാസം അവസാനിക്കുന്നത് വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മഴ, പൊടിക്കാറ്റ്, മഞ്ഞ് വീഴ്ച എന്നിവയ്ക്ക് സാധ്യതയുണ്ട്.
ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, ഹൈൽ മുതലായ പ്രദേശങ്ങളിൽ ഞായർ മുതൽ വ്യാഴം വരെയുള്ള കാലയളവിൽ വസന്തകാലത്തിന്റെ ഭാഗമായുള്ള ഇടിയോട് കൂടിയ മഴ, വെള്ളത്തിന്റെ കുത്തൊഴുക്ക്, പൊടിക്കാറ്റ്, മഞ്ഞ് വീഴ്ച എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അസിർ, അൽ ബാഹ, ജസാൻ, മക്ക, നജ്‌റാൻ, മദീന മേഖലകളിൽ ഞായർ, തിങ്കൾ, ബുധൻ, വ്യാഴം ദിനങ്ങളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്.
തബൂക്, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് മേഖലകളിൽ തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിനങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധയതയുണ്ട്. ഈസ്റ്റേൺ പ്രൊവിൻസ് മേഖലയിൽ തിങ്കൾ മുതൽ വ്യാഴം വരെ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്നും, ഈ പ്രദേശത്ത് ഇതിനോടൊപ്പം മണൽക്കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
Cover Image: Saudi Press Agency.