എമിറേറ്റ്സ് ലൂണാർ മിഷൻ: ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ഐസ്പേസ്

featured GCC News

ലാൻഡിങ്ങിനിടെ കൺട്രോൾ സ്റ്റേഷനുമായി ബന്ധം നഷ്ടപ്പെട്ട ‘HAKUTO-R’ M1 ലാൻഡർ വാഹനം ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാൻ സാധ്യതയുള്ളതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു. ലാൻഡർ വാഹനം നിർമ്മിച്ചിട്ടുള്ളത് ഐസ്പേസാണ്.

റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ നിയന്ത്രണം നഷ്ടപ്പെട്ട് ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാമെന്ന് ഐസ്പേസ് 2023 ഏപ്രിൽ 26-ന് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. ലാൻഡിങ്ങിനിടയിൽ ബന്ധം നഷ്ടപ്പെട്ട ലാൻഡറുമായി യാതൊരു തരത്തിലുള്ള ആശയവിനിമയവും മിഷൻ കൺട്രോൾ സെന്ററിൽ നിന്ന് ഇതുവരെ സാധ്യമായിട്ടില്ലെന്നും ഐസ്പേസ് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലാൻഡിങ്ങിന്റെ അവസാന ഘട്ടത്തിൽ ലാൻഡർ കുത്തനെയുള്ള ദിശയിൽ ആയിരുന്നെന്നും, എന്നാൽ ലാൻഡിങ്ങ് നടക്കുന്നതിനായി നിശ്ചയിച്ച സമയം കഴിഞ്ഞ ശേഷം, ലാൻഡർ വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങി എന്നത് സൂചിപ്പിക്കുന്ന യാതൊരു ഡാറ്റയും ലഭിച്ചില്ലെന്നും ഈ അറിയിപ്പിൽ ഐസ്പേസ് വ്യക്തമാക്കിയിട്ടുണ്ട്. അവസാന ഘട്ടത്തിൽ ലാൻഡറിന്റെ വേഗം ക്രമാതീതമായി വർദ്ധിച്ചതായി തങ്ങളുടെ എഞ്ചിനീയർമാർ കണ്ടെത്തിയിട്ടുണ്ടെന്നും, ഇത് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയിരിക്കാമെന്ന സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ഐസ്പേസ് കൂട്ടിച്ചേർത്തു.

ഐസ്പേസ് നൽകിയ ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം സ്ഥിരീകരിച്ച് കൊണ്ട് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC) ഒരു ഔദ്യോഗിക അറിയിപ്പ് നൽകിയിട്ടുണ്ട്.

എമിറേറ്റ്സ് ലൂണാർ മിഷന്റെ ഭാഗമായി റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ‘HAKUTO-R’ M1 ലാൻഡർ വാഹനവുമായുള്ള ബന്ധം അവസാന നിമിഷം നഷ്ടമായതായും, വാഹനം വിജയകരമായി ചന്ദ്രോപരിതലത്തിലിറങ്ങിയോ എന്നതിൽ സ്ഥിരീകരണം നൽകാൻ കഴിയുന്നില്ലെന്നും ഇന്നലെ ഐസ്പേസ് അറിയിച്ചിരുന്നു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനുള്ള നടപടികൾ തങ്ങളുടെ എൻജിനീയർമാർ തുടരുന്നതായും, പരിശോധനകൾ പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്നും ഐസ്പേസ് ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

2023 ഏപ്രിൽ 25-ന് രാത്രി 8.40-നാണ് (യു എ ഇ സമയം) റാഷിദ് റോവറിനെയും വഹിച്ച് കൊണ്ട് സഞ്ചരിക്കുന്ന ജാപ്പനീസ് ലാൻഡർ വാഹനമായ ‘HAKUTO-R’ ചന്ദ്രോപരിതലത്തിലിറങ്ങുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിന് ഏതാണ്ട് അരമണിക്കൂറിന് ശേഷമാണ് ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ടോക്കിയോയിൽ നിന്നുള്ള മിഷൻ കൺട്രോൾ അറിയിപ്പ് നൽകിയത്.