സാങ്കല്പികമായ ലാഭം വാഗ്ദാനം ചെയ്ത് കൊണ്ട്, ധനാപഹരണം ലക്ഷ്യമിട്ട് നടത്തുന്ന തട്ടിപ്പുകളെക്കുറിച്ച് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2023 ഏപ്രിൽ 28-നാണ് അബുദാബി പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പണം തട്ടിയെടുക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം വയർ ഫ്രോഡ് ഇടപാടുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ അധികൃതർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം തട്ടിപ്പുകളുടെ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
പെട്ടന്നുള്ള ഉയർന്ന ലാഭം വാഗ്ദാനം ചെയ്തു കൊണ്ടുള്ള ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വ്യക്തികളോട് വയർ ട്രാൻസ്ഫറിലൂടെ പണം അയക്കാൻ ആവശ്യപ്പെട്ടു കൊണ്ട് നടത്തുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, പണമിടപാടുകൾ നടത്തുന്നതിന് മുൻപ് ഇത്തരം സ്ഥാപനങ്ങൾ നിയമാനുസൃതം ലൈസെൻസോടെ പ്രവർത്തിക്കുന്നവയാണെന്ന് ഉറപ്പ് വരുത്താനും അധികൃതർ നിർദ്ദേശിച്ചു.
വയർ ട്രാൻസ്ഫർ പണമിടപാടുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് യു എ ഇയിൽ ഒരു വർഷം വരെ തടവും, രണ്ടര ലക്ഷം മുതൽ പത്ത് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
WAM