ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ഇറാഖ്, ഖത്തർ, ബഹ്റൈൻ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.
“ഗൾഫിന്റെ ഹൃദയത്തിലെ രണ്ട് തിളങ്ങുന്ന മുത്തുകളായ ബഹ്റൈൻ, ഖത്തർ എന്നിവയുടെ ബഹിരാകാശ ദൃശ്യങ്ങളിതാ! തലമുറകളോളം നമ്മളെല്ലാം ഒത്തൊരുമിച്ച് പുരോഗതിയിലേക്ക് കുതിക്കട്ടെ.”, ഖത്തർ, ബഹ്റൈൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യം പങ്ക് വെച്ച് കൊണ്ട് 2023 മെയ് 19-ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
ഇതിന് പുറമെ, ഇറാഖിലെ ബാഗ്ദാദ് നഗരത്തിന്റെ തിളങ്ങുന്ന രാത്രി ദൃശ്യവും അദ്ദേഹം ബഹിരാകാശത്ത് നിന്ന് പകർത്തിയിട്ടുണ്ട്.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ, ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം, അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം എന്നിവ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.
Cover Image: @Astro_Alneyadi.