യു എ ഇ: ജനങ്ങളോട് അടിയന്തിര ആവശ്യങ്ങൾക്കൊഴികെ വീടുകളിൽ തുടരാൻ നിർദ്ദേശം

GCC News

അടിയന്തിര ആവശ്യങ്ങൾക്കും, ഒഴിവാക്കാനാവാത്ത ജോലി സംബന്ധമായ കാര്യങ്ങൾക്കും ഒഴികെ, വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങുന്നത് ഒഴിവാക്കാൻ യു എ ഇയിലെ പൗരന്മാരോടും, നിവാസികളോടും, സന്ദർശകരോടും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും മറ്റു അധികൃതരുടെയും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും അറിയിച്ചിട്ടുണ്ട്.

കൊറോണാ വൈറസ് രോഗം വ്യാപിക്കാതിരിക്കാൻ സാമൂഹികമായി അകലം പാലിക്കുന്നതിലും പൊതുസ്ഥലങ്ങൾ ഉപയോഗിക്കാതിരിക്കുന്നതിലും ജനങ്ങൾ ജാഗ്രത പാലിക്കണം. ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും സന്ദർശിക്കുന്നത് അടിയന്തിരമായ ആവശ്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ജോലി സംബന്ധമായ ആവശ്യങ്ങൾ, അവശ്യ വസ്തുക്കളും മരുന്നുകളും വാങ്ങുക എന്നിവയ്ക്കൊഴികെയുള്ള വീടിനു പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം.കാറുകളിൽ മൂന്നിൽകൂടുതൽ പേർ സഞ്ചരിക്കരുത്. പൊതുഗതാഗതം സംബന്ധിച്ച അറിയിപ്പുകൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘകർക്കെതിരെ തടവ് ശിക്ഷ ഉൾപ്പെടെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.