എമിറേറ്റിലെ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ബാധകമാക്കിയിട്ടുള്ള പുതിയ നിയമങ്ങൾ വ്യക്തമാക്കിക്കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ITC) ഒരു അറിയിപ്പ് പുറത്തിറക്കി. 2023 മെയ് 26-നാണ് ITC ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, അബുദാബിയിൽ 700 വാട്സ് അല്ലെങ്കിൽ അതിന് മുകളിലുള്ള എഞ്ചിനുകളുള്ള ഇലക്ട്രിക് ബൈക്കുകൾ റോഡിൽ ഉപയോഗിക്കുന്നതിന് പെർമിറ്റുകൾ നിർബന്ധമാണ്. സീറ്റുകളുള്ള ഇ-സ്കൂട്ടറുകളെയും ‘ലൈറ്റ് വെഹിക്കിൾ’ എന്ന വിഭാഗത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
‘ലൈറ്റ് വെഹിക്കിൾ’ എന്ന വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങൾക്ക് – ബൈക്കുകൾ, സീറ്റില്ലാത്ത സ്കൂട്ടറുകൾ, പവർ കുറഞ്ഞ ഇലക്ട്രിക് ബൈക്കുകൾ – മാത്രമാണ് അബുദാബിയിലെ ഉൾറോഡുകളിൽ പ്രത്യേക റൈഡർ പെർമിറ്റ് കൂടാതെ ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്ന അവസരത്തിൽ അവയ്ക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നിർബന്ധമാണ്.
അബുദാബിയിലെ റോഡുകളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള സ്കൂട്ടറുകൾ, ബൈക്കുകൾ എന്നിവ താഴെ പറയുന്ന മാനദണ്ഡങ്ങൾ പ്രകാരമുള്ളവയായിരിക്കണം:
- ഇത്തരം വാഹനങ്ങളുടെ ഉയരം 165 സെന്റിമീറ്ററിലധികം ആയിരിക്കരുത്.
- ഇത്തരം വാഹനങ്ങളുടെ ഭാരം 35 കിലോഗ്രാമിൽ താഴെ ആയിരിക്കണം.
- ഇത്തരം വാഹനങ്ങളുടെ വീതി 70 സെന്റിമീറ്റർ അല്ലെങ്കിൽ അതിൽ താഴെ ആയിരിക്കണം.