ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോൾ ദുബായിലെ ടാക്സി മേഖല ശക്തമായ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
2023-ന്റെ ആദ്യ പാദത്തിൽ ദുബായിലെ ടാക്സി മേഖല മുൻവർഷത്തെ അപേക്ഷിച്ച് 6 ശതമാനത്തിന്റെ വളർച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ, ടാക്സി യാത്രകളുടെ എണ്ണം 27.3 ദശലക്ഷമായി ഉയർന്നിട്ടുണ്ട്.
മുൻ വർഷങ്ങളിലെ സമാന കാലയളവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്ഥിരതയുള്ള വളർച്ചയാണ് ഈ മേഖലയിൽ രേഖപ്പെടുത്തുന്നത്. 2022-ൽ 26 ദശലക്ഷം യാത്രകൾ, 2021-ൽ 19.2 ദശലക്ഷം യാത്രകൾ, 2020-ൽ 23.3 ദശലക്ഷം യാത്രകൾ, 2019-ൽ 26.1 ദശലക്ഷം യാത്രകൾ എന്നിങ്ങനെയായിരുന്നു ദുബായിലെ ടാക്സി സേവനമേഖലയിൽ നിന്നുള്ള കണക്കുകൾ.
സമീപ വർഷങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചയാണിതെന്ന് – പ്രത്യേകിച്ച് ഇ-ഹെയിൽ, സ്മാർട്ട് റെന്റൽ ഹാല ടാക്സി സേവനങ്ങളിൽ – ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പ്ലാനിംഗ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഡയറക്ടർ അദേൽ ഷാക്രി വ്യക്തമാക്കി.
WAM