സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്‌സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2023 ജൂൺ 1-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പൊതുജനങ്ങളെ കബളിപ്പിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട്, സർക്കാർ ഏജൻസികൾക്ക് സമാനമായ ആനുകൂല്യങ്ങളുള്ള വ്യാജ സേവനങ്ങളും പ്രലോഭനങ്ങളും ഉൾക്കൊള്ളുന്ന എസ് എം എസ് സന്ദേശങ്ങൾ വഴി ലഭിക്കുന്ന വ്യാജ വെബ്സൈറ്റ് ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടിയ ശേഷം, ഇരകളെ കബളിപ്പിച്ച് കൊണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്ന പുതിയ രീതികളെക്കുറിച്ചും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ ബാങ്ക് കാർഡ് വിവരങ്ങൾ, ഓൺലൈൻ ബാങ്കിംഗ് പാസ്‌വേഡുകൾ, എടിഎം പിൻ, കാർഡ് വെരിഫിക്കേഷൻ വാല്യൂ (സിവിവി) നമ്പർ അല്ലെങ്കിൽ പാസ്‌വേഡുകൾ എന്നിവയുൾപ്പെടെ തങ്ങളുടെ രഹസ്യ വിവരങ്ങൾ ആരുമായും പങ്കിടരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നവർ ഉടൻ തന്നെ ഇക്കാര്യം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നും, അമൻ സെക്യൂരിറ്റി സർവീസ് നമ്പറായ 8002626 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, സന്ദേശം അയക്കുകയോ ചെയ്യണമെന്നും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
WAM