രാജ്യത്ത് വിദേശ നിക്ഷേപം സ്വീകരിക്കുന്നത് നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകൾ സംബന്ധിച്ച് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അറിയിപ്പ് നൽകി. 2023 ജൂൺ 18-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തരത്തിൽ വിദേശ നിക്ഷേപം നിരോധിച്ചിട്ടുള്ള പ്രവർത്തന മേഖലകളുടെ പട്ടിക മന്ത്രാലയം ഭേദഗതി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം പുറത്തിറക്കിയ ‘364/2023’ എന്ന ഔദ്യോഗിക ഉത്തരവ് അനുസരിച്ച് ഒമാനിൽ താഴെ പറയുന്ന പ്രവർത്തന മേഖലകളിൽ വിദേശ നിക്ഷേപകരെ അനുവദിക്കുന്നതല്ല:
- കോഴി, താറാവ് മുതലായ വളര്‍ത്തുപക്ഷികളെ വിരിയിച്ചെടുക്കുന്ന കേന്ദ്രങ്ങൾ. (വളരെ വലിയ ഉത്പാദന ശേഷിയുള്ള പദ്ധതികളിൽ ഇളവ് അനുവദിക്കുന്നതാണ്.)
- തേനീച്ച വളർത്തൽ, തേൻ, മെഴുക് എന്നിവയുടെ ഉത്പാദനം.
- കടലിലെ മത്സ്യബന്ധനം.
- മാംസത്തിനായി കോഴി, താറാവ് മുതലായ വളര്‍ത്തുപക്ഷികൾ, മുയൽ, മറ്റു പക്ഷികൾ എന്നിവയെ കശാപ്പ് ചെയ്യുന്ന കേന്ദ്രങ്ങൾ. (വളരെ വലിയ ഉത്പാദന ശേഷിയുള്ള പദ്ധതികളിൽ ഇളവ് അനുവദിക്കുന്നതാണ്.)
- ഫോട്ടോകോപ്പി മെഷിൻ, കമ്പ്യൂട്ടർ, മറ്റു ഓഫീസ് മെഷിനുകൾ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ്ങ്.
- ജലം വിതരണം ചെയ്യുന്ന പ്രവർത്തനങ്ങൾ.
- ക്രെയിനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
- കെട്ടിട നിർമ്മാണ മേഖലയിൽ ആവശ്യമായ മെഷീനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
- നിർമ്മിതികൾ തകർക്കുന്നതിന് ആവശ്യമായ മെഷീനുകൾ വാടകയ്ക്ക് നൽകുന്ന പ്രവർത്തനങ്ങൾ.
- കന്നുകാലികളുടെ വളർത്തലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- മത്സ്യം, മറ്റു ജലജീവികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- മത്സ്യ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- മാംസം, മാംസ ഉത്പന്നങ്ങൾ എന്നിവയുടെ ചില്ലറ വില്പന.
- മത്സ്യം, മത്സ്യ ഉത്പന്നങ്ങൾ എന്നിവയുടെ ചില്ലറ വില്പന.
- ഔഷധച്ചെടികളുടെയും മറ്റും ചില്ലറ വില്പന.
- മരുന്നിനായി ഉപയോഗിക്കുന്ന ഔഷധച്ചെടികളുടെയും മറ്റും ചില്ലറ വില്പന.
- പക്ഷികൾ, അലങ്കാര മത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയുടെയും, അവയുമായി ബന്ധപ്പെട്ട ഉപകരണങ്ങളുടെയും ചില്ലറ വില്പന.
- വാഹനങ്ങൾ വടം കൊണ്ട് കെട്ടിവലിക്കുന്ന സേവനങ്ങൾ, ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
- സ്ഥലക്കച്ചവടം, റിയൽ എസ്റ്റേറ്റ് മേഖല.
- റെസിഡൻഷ്യൽ, നോൺ-റെസിഡൻഷ്യൽ ആവശ്യങ്ങൾക്കുള്ള റിയൽ എസ്റ്റേറ്റ് വാടകയ്ക്ക് നൽകുന്നതും മറ്റു അനുബന്ധ പ്രവർത്തനങ്ങളും.
- ബിൽഡിങ്ങ് മാനേജ്മന്റ്, പ്രോപ്പർട്ടി വാല്യൂവേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ.
മേൽപ്പറഞ്ഞ മേഖലകളിൽ നിക്ഷേപം നടത്തുന്നതിനുള്ള അവകാശം ഒമാൻ പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Oman News Agency.