ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇന്ത്യയും, യു എ ഇയും തമ്മിൽ ധാരണയിലെത്തി. 2023 ജൂലൈ 15-ന് ഏകദിന ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇരുരാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, യു എ ഇ പ്രസിഡൻ്റ് H.E. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അബുദാബിയിലെ അൽ വതൻ പാലസിൽ വെച്ച് നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും തമ്മിൽ മൂന്ന് പ്രധാന ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചിട്ടുണ്ട്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതിന്റെ ഭാഗമായാണ് ഇന്ത്യയും, യു എ ഇയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം രൂപയിലും ദിർഹത്തിലും നടത്താൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. യു എ ഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് എന്നിവരാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
ഇന്ത്യ, യു എ ഇ എന്നിവർ തമ്മിലുള്ള ഉഭയകക്ഷി വ്യാപാരബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും, ഇടപാട് ചെലവുകൾ കുറയ്ക്കുന്നതിനും, സാമ്പത്തിക ദൃഢത ഉറപ്പ് വരുത്തുന്നതിനും ഈ ധാരണയിലൂടെ ലക്ഷ്യമിടുന്നു. ഇതിന് പുറമെ ഫാസ്റ്റ് പേയ്മെന്റ് സംവിധാനങ്ങൾ, കാർഡ് നെറ്റ്വർക്ക് എന്നിവയിൽ സഹകരിക്കുന്നതിനുള്ള ധാരണയിൽ ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ ധാരണയിലെത്തിയിട്ടുണ്ട്.
WAM.